ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഹയാത്രികരോടൊപ്പം ഗവേഷണത്തിൽ
file photo
ന്യൂഡൽഹി: ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പേശികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയതായി ആക്സിയം സ്പേസ് അറിയിച്ചു. ഗുരുത്വാകർഷണം കുറഞ്ഞ അവസ്ഥയിൽ പേശീ മൂലകോശങ്ങൾ(muscle stem cells) എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലായിരുന്നു ഈ ഗവേഷണം. പ്രായമായ ചിലരിൽ പേശികൾ നിശ്ചലമാകുന്നത് ചികിത്സിക്കാനുള്ള മരുന്ന കണ്ടെത്താൻ സഹായിക്കുന്ന ഒന്നാണിത്. ദീർഘ ബഹിരാകാശ യാത്രയ്ക്കിടെയുണ്ടാകുന്ന പേശീക്ഷയം തടയാനുള്ള ചികിത്സയ്ക്കും ഈ ഗവേഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. നീണ്ടകാലം ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശാസ്ത്രജ്ഞർക്ക് പേശീക്ഷയം ഉണ്ടാകാറുണ്ട്.
ബഹിരാകാശത്ത് മാത്രമല്ല, ഭൂമിയിലും പേശി ക്ഷയിക്കുന്ന അവസ്ഥകൾക്കുള്ള മെച്ചപ്പെട്ട ചികിത്സയ്ക്ക് ഈ പരീക്ഷണഫലം വഴിയൊരുക്കിയേക്കാം. വാർധക്യം, ചലനമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗവേഷണത്തിൽ ഉൾപ്പെടുന്നു.
മനുഷ്യന്‍റെ ദഹനേന്ദ്രിയ വ്യവസ്ഥ ബഹിരാകാശത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്നു ചർച്ച ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികളെ കുറിച്ചുള്ള വീഡിയോയും ശുക്ല ചിത്രീകരിച്ചു. ബഹിരാകാശത്തെ വൈജ്ഞാനിക ക്ഷേമത്തെ കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായി മാനസികാരോഗ്യ പഠന പ്രവർത്തനങ്ങളും സംഘം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്.