വെനിസ്വേലയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: മാർപ്പാപ്പ
file photo
വാഷിങ്ടൺ: ട്രംപിന്‍റെ വെനിസ്വേലൻ അധിനിവേശത്തെ വിമർശിച്ച് ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപ്പാപ്പ. നയതന്ത്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൈനിക ബലപ്രയോഗം നടത്തുന്നതിനെ പോപ്പ് അപലപിച്ചു.
വാർഷിക വിദേശനയ പ്രസംഗത്തിലാണ് വെനിസ്വേലയിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്തത്. ആഗോള സംഘർഷങ്ങൾ നേരിടുന്നതിൽ അന്താരാഷ്ട്ര സംഘടനകളുടെ ബലഹീനത ആശങ്കയ്ക്ക് കാരണമാണെന്നും മാർപ്പാപ്പ പറഞ്ഞു.
വെനിസ്വേലൻ ജനതയുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാൻ ലോകം ബാധ്യസ്ഥരാണെന്ന് ലിയോ മാർപ്പാപ്പ കൂട്ടിച്ചേർത്തു. യുഎസ്, വെനിസ്വേലൻ അംബാസിഡർമാർ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു മാർപ്പാപ്പയുടെ ഈ വിമർശനം.
ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെയും മറ്റും ഇതിനു മുമ്പും ശക്തമായി വിമർശിച്ചിട്ടുണ്ട് ലിയോ പതിനാലാമൻ. പാശ്ചാത്യ രാജ്യങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നും മാർപാപ്പ വിമർശിച്ചു.