ഇന്ത്യൻ യുദ്ധക്കപ്പലിലേക്ക് ഇടിച്ചുകയറി പാക് കപ്പൽ

 
World

ഇന്ത്യൻ യുദ്ധക്കപ്പലിലേക്ക് ഇടിച്ചുകയറി പാക് കപ്പൽ

പാക് നാവികസേനയുടെ പ്രകോപനം അറബിക്കടലിൽ, ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

Reena Varghese

ന്യൂഡൽഹി: വടക്കൻ അറബിക്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാക്കിസ്ഥാൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചു. കഴിഞ്ഞ 15നാണു സംഭവം. സംഭവത്തിൽ ഡൽഹിയിലെ നയതന്ത്ര പ്രതിനിധിയെ (ചാർജ് ഡി അഫയേഴ്‌സ്) വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.

പാക് നാവികസേനയുടെ യാർമൂക്ക് ക്ലാസ് ഓഫ്ഷോർ പട്രോൾ വെസൽ വിഭാഗത്തിൽപ്പെടുന്ന പിഎൻഎസ് ഹുനൈൻ എന്ന കപ്പലാണ് ഇന്ത്യൻ യുദ്ധക്കപ്പലിൽ ഇടിച്ചത്. ഇന്ത്യയുടെ യുദ്ധക്കപ്പലിന് തകരാറില്ലെന്നു നാവികസേന. എന്നാൽ, പാക് കപ്പലിന് കാര്യമായ തകരാറുണ്ടെന്നാണു വിവരം. ഈ കപ്പൽ കറാച്ചി തീരത്ത് തിരിച്ചെത്തിയിട്ടുണ്ട്.

കൂട്ടിയിടിയെക്കുറിച്ച് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, സംയുക്ത സേനാ മേധാവി ജനറൽ എൻ.എസ്. രാജസുബ്രഹ്മണിയോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടും വിശദീകരിച്ചു. ഇതേത്തുടർന്നാണു പാക്കിസ്ഥാന്‍റെ ഡൽഹിയിലെ നയതന്ത്ര ഉദ്യോഗസ്ഥൻ സാദ് അഹമ്മദ് വറൈച്ചിനെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തി ഇന്ത്യൻ പ്രതിഷേധമറിയിച്ചത്. പാക് നാവികസേനയുടെ പെരുമാറ്റം അങ്ങേയറ്റം പ്രകോപനപരവും പ്രൊഫഷണല്‍ അല്ലാത്തതും അപകടകരവുമായിരുന്നെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ചുണ്ടായ ഈ സംഭവം അംഗീകരിക്കാനാവാത്തതാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയും പാക് വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചു.

ഒമാൻ തീരത്തുനിന്ന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് മാറി വടക്കൻ അറബിക്കടലിൽ പതിവ് നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മുൻനിര ഇന്ത്യൻ യുദ്ധക്കപ്പലിലേക്ക് അമിത വേഗത്തിൽ പ്രകോപനപവും നിയന്ത്രണമില്ലാതെയുമെത്തിയ പാക് കപ്പൽ ഉരസി നീങ്ങുകയായിരുന്നെന്നു പ്രതിരോധ മന്ത്രാലയം.

സൈനിക പരിശീലനങ്ങളും നീക്കങ്ങളും സംബന്ധിച്ച് 1991ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാറിലെ ആർട്ടിക്കിൾ 10ന്‍റെ നഗ്നമായ ലംഘനമാണ് പാക് സേനയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇതാവർത്തിക്കരുതെന്നും ഇന്ത്യ. അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും നാവികസേനാ കപ്പലുകളും അന്തർവാഹിനികളും കുറഞ്ഞത് മൂന്നു നോട്ടിക്കൽ മൈൽ അകലം പാലിച്ചിരിക്കണമെന്നാണു ചട്ടം.

2011 ജൂണിൽ പാക് നാവികസേനയുടെ "ബാബർ' എന്ന കപ്പലും ഇന്ത്യയുടെ ഐഎൻഎസ് ഗോദാവരിയും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരുരാജ്യങ്ങളുടെയും സേനകൾ ഉൾപ്പെട്ട സംഭവം ഇതാദ്യമാണ്.

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം