ഹമാസ് സമ്പൂർണ നിരായുധീകരണത്തിലേയ്ക്കു വന്നേ തീരൂ- നെതന്യാഹു

 
World

ഹമാസ് സമ്പൂർണ നിരായുധീകരണത്തിലേയ്ക്കു വന്നേ തീരൂ: നെതന്യാഹു

ട്രംപിന്‍റെ 15 ഇന സമാധാന പദ്ധതി തള്ളി നെതന്യാഹു

Reena Varghese

ടെൽ അവീവ്: ഗാസയിൽ ഹമാസ് പൂർണമായി നിരായുധരാകും വരെ ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള ബോർഡ് ഒഫ് പീസ് മുന്നോട്ടുവച്ച 15 ഇന സമാധാന നിർദേശം ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഇസ്രായേൽ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഭീഷണികൾ തടയുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുന്നത് ഉൾപ്പെടെയാണ് ട്രംപിന്‍റെ സമാധാന പദ്ധതിയിലെ പ്രധാന നിർദേശം.

ഇതിന് പകരമായി ഇസ്രായേൽ സൈനിക പിന്മാറ്റം, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കൽ, യുദ്ധത്തിൽ തകർന്ന പ്രദേശത്തിന്‍റെ പുനർനിർമാണത്തിനുള്ള അന്താരാഷ്ട്ര ഇടപെടൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പലസ്തീൻ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഗാസയുടെ ഭരണം പുനഃസംഘടിപ്പിക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.നെതന്യാഹുവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹമാസ് ട്രംപിന്‍റെ 15 ഇന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു.

കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വ്യക്തമായ സമയക്രമം വേണമെന്നും എല്ലാ കക്ഷികളും ധാരണകൾ പാലിക്കുന്നുണ്ടെന്ന് മധ്യസ്ഥരും സമാധാന കൗൺസിലും ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. കരാർ നടപ്പാക്കുന്നതിന് തടസമാകുന്ന നടപടികൾ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഗാസയിലോ വെസ്റ്റ് ബാങ്കിലോ പലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിന്‍റെ മുഴുവൻ ആയുധശേഖരവും ഇല്ലാതാക്ക ണമെന്നാണ് ഇസ്രായേലിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു

. പേരിനുമാത്രമുള്ള നിരായുധീകരണമല്ല, യഥാർഥ നിരായുധീകരണമാണ് വേണ്ടതെന്നും നെതന്യാഹു വ്യക്തമാക്കി.ട്രംപിനെ വൈറ്റ് ഹൗസിലെ “ഇസ്രായേലിന്‍റെ ഏറ്റവും വലിയ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച നെതന്യാഹു, അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ചില നിർദേശങ്ങൾ ഇസ്രായേലിന് സ്വീകാര്യമാണെന്നും ചിലത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. ഇസ്രായേലിന്‍റെ നിലനിൽപ്പും പൗരന്മാരുടെ സുരക്ഷയും വിട്ടുവീഴ്ച ചെയ്യാനാകാത്ത വിഷയങ്ങളാണെന്നും ഈ നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ