ജസ്റ്റിൻ ട്രൂഡോ 
World

ഒടുവിൽ ട്രൂഡോ സമ്മതിച്ചു, ''ഇന്ത്യക്കെതിരേ തെളിവില്ല''

ഇന്ത്യക്കും യുഎസിനും വ്യക്തമായ തെളിവ് കൈമാറിയിട്ടുണ്ടെന്നാണ് ട്രൂഡോ മുൻപ് അവകാശപ്പെട്ടിരുന്നത്. തെളിവ് തന്നിട്ടില്ലെന്ന് ഒരു വർഷമായി ഇന്ത്യ ആവർത്തിക്കുന്നു

MV Desk

ഒട്ടാവ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് തെളിവില്ലാതെയെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അന്വേഷണത്തോടു സഹകരിക്കാനാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്ത്യ നിരന്തരം തെളിവ് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ട്രൂഡോയുടെ പരിഭവം!

ഇന്ത്യക്കും യുഎസിനും വ്യക്തമായ തെളിവ് കൈമാറിയിട്ടുണ്ടെന്നാണ് ട്രൂഡോ മുൻപ് അവകാശപ്പെട്ടിരുന്നത്. യുഎസ് അധികൃതരും ഇതു നിഷേധിച്ചിരുന്നില്ല. എന്നാൽ, ക്യാനഡയുടെ അവകാശവാദങ്ങളിൽ പലതും നുണയായിരുന്നു എന്ന് ട്രൂഡോയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. ക്യാനഡയിലെ സിഖ് വംശജരുടെ പിന്തുണ ഉറപ്പാക്കുകയാണ് ട്രൂഡോയുടെ ലക്ഷ്യമെന്നാണ് ആരോപണം. സമീപകാലത്തെ അഭിപ്രായ സർവേകളിൽ എല്ലാം അദ്ദേഹത്തിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്നു സൂചനയുണ്ടായിരുന്നു.

ഇതിനിടെ, മറ്റൊരു ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആരോപണവിധേയനായ ആൾ 'ഇപ്പോൾ' ഇന്ത്യൻ സർക്കാരിൽ ഉദ്യോഗസ്ഥനല്ലെന്നും, അതിനാൽ ഇന്ത്യയുടെ സഹകരണം തൃപ്തികരമാണെന്നും യുഎസിന്‍റെ പ്രതികരണവും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. യുഎസ് ആഭ്യന്തര വകുപ്പ് വക്താവ് മാത്യു മില്ലറുടേതാണ് നിർണായക വെളിപ്പെടുത്തൽ.

നിജ്ജർ വധക്കേസിൽ ക്യാനഡ ഒരു തെളിവും കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ ഒരു വർഷമായി ആവർത്തിക്കുന്നത്. അതേസമയം, ക്യാനഡയുടെ പരമാധികാരത്തിൽ ഇന്ത്യ കൈകടത്തിയെന്ന രീതിയിൽ ജസ്റ്റിൻ ട്രൂഡോ തന്‍റെ ആരോപണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

തന്‍റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുക എന്ന സ്വാർഥ ലക്ഷ്യം മാത്രമാണ് ട്രൂഡോയുടെ ഇന്ത്യാവിരുദ്ധ നിലപാടിനു പിന്നിൽ എന്ന ക്യാനഡയിലെ പ്രതിപക്ഷത്തിന്‍റെ ആരോപണവും ഇതോടെ കൂടുതൽ ശക്തമാകുകയാണ്.

നിജ്ജർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ അടക്കമുള്ളവരെ പ്രതി ചേർക്കാനുള്ള ക്യാനഡയുടെ നീക്കത്തിൽ രോഷാകുലമായി ഇന്ത്യ ഹൈക്കമ്മിഷറണെ ക്യാനഡയിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതിനു മറുപടിയായി ക്യാനഡ ഇന്ത്യൻ ഹൈക്കമ്മിഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ക്യാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇവിടെനിന്നു പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ ഇതിനോടു പ്രതികരിച്ചത്. ഇതോടെ ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിൽ എത്തിയിരിക്കുകയാണ്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

ആദ‍്യം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന

ഹിജാബ് വിവാദം; നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

ഹൃത്വിക് റോഷന്‍റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി കോടതി

ഉത്തരാഖണ്ഡിൽ അജ്ഞാതപ്പനി; രണ്ടാഴ്ച്ചയ്ക്കിടെ 10 മരണം