വെനിസ്വേല ആക്രമണം: അമെരിക്ക ഉപയോഗിച്ചത് അതി തീവ്ര ശബ് ദ തരംഗം
file photo
കാരക്കാസ്: നിക്കൊളാസ് മഡുറോയെ പിടികൂടുന്നതിനായി അമെരിക്ക നടത്തിയ നീക്കത്തിൽ തീവ്രമായ ശബ്ദതരംഗം പുറപ്പെടുവിക്കുന്ന അജ്ഞാത ആയുധം ഉപയോഗിച്ചതായി വെനിസ്വേലൻ സൈനികർ. നിഗൂഢമായ ആയുധം എന്നാണ് ഇതിനെ കുറിച്ച് സൈനികരെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ട്.
ജനുവരി മൂന്നിനായിരുന്നു ഈ ആക്രമണം. വെനിസ്വേലയിലേയ്ക്ക് ഡ്രോണുകളും ഹെലികോപ്റ്ററുകളും ആക്രമണത്തിനായി എത്തും മുമ്പേ നിഗൂഢ ആയുധത്തിൽ നിന്നും ശക്തമായ ആക്രമണം തങ്ങൾ നേരിട്ടതായി വെനിസ്വേലയിലെ മഡുറോയുടെ കൊട്ടാരത്തിലെ രക്ഷപ്പെട്ട സൈനികർ സാക്ഷ്യപ്പെടുത്തുന്നു.
ഹെലികോപ്റ്ററുകൾ എത്തും മുമ്പേ റഡാറുകൾ നിശ്ചലമായി. തുടർന്ന് തീവ്രമായ ശബ്ദതരംഗം പുറപ്പെടുവിക്കുന്ന അജ്ഞാത ആയുധം യുഎസ് പ്രയോഗിച്ചു. തങ്ങളുടെ സൈനികരുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായി. സൈനികരിൽ പലരും തളർന്നു വീണു. പുറമേ യാതൊരു ക്ഷതങ്ങളുമേൽക്കാതെ രക്തം ഛർദ്ദിച്ച് സഹപ്രവർത്തകർ പലരും മരിക്കുന്നത് കാണേണ്ടി വന്നു. ഇതിനു ശേഷമാണ് യുഎസ് സൈനികർ ഹെലികോപ്റ്ററിൽ എത്തിയത്. ദൃക്സാക്ഷികളായ രക്ഷപ്പെട്ട വെനിസ്വേലൻ സൈനികർ വെളിപ്പെടുത്തുന്നു.
നിഗൂഢ ആയുധം പരീക്ഷിച്ചെന്ന റിപ്പോർട്ടുകളോട് അമെരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. അമെരിക്കൻ ആക്രമണത്തിൽ 100 സൈനികർ കൊല്ലപ്പെട്ടതായി നേരത്തെ വെനിസ്വേല വ്യക്തമാക്കിയിരുന്നു.