മെക്സിക്കൻ വിമാന ദുരന്തം
file photo
ടെക്സസ്: രോഗിയുമായി ടെക്സസിലേയ്ക്കു വരികയായിരുന്ന മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്ന് വീണ് രണ്ടു വയസുള്ള കുട്ടി ഉൾപ്പടെ അഞ്ചു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്സസിലെ ഗാൽവെസ്റ്റൺ ബേയിലാണ് മെക്സിക്കൻ നാവിക വിമാനം തകർന്നു വീണതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്തിൽ എട്ടു പേരുണ്ടായിരുന്നതായും രണ്ടു പേരെ ജീവനോടെ കണ്ടെടുത്തതായുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നാലു നാവികസേനാ ജീവനക്കാരും മറ്റു നാലു പൗരന്മാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് മെക്സിക്കൻ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടു വന്ന വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഗാൽവെസ്റ്റൺ കൗണ്ടി ഷെരീഫ് ജിമ്മി ഫുള്ളൻ മാധ്യമങ്ങളോടു പറഞ്ഞു.
ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള ഡാറ്റ പ്രകാരം മെക്സിക്കൻ സംസ്ഥാനമായ യുകാറ്റന്‍റെ തലസ്ഥാനമായ മെറിഡയിൽ നിന്ന് പറന്നുയർന്ന ഇരട്ട ടർബോ വിമാനമായ ഗാൽവെസ്റ്റൺ സ്കോൾസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.17 ഓടെയായിരുന്നു അപകടം.