ഐഎസ് സാന്നിധ്യമില്ലാത്ത നൈജീരിയൻ ഗ്രാമത്തിൽ അമെരിക്കൻ മിസൈൽ
file photo
അബുജ: നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ ഗ്രാമമായ ജാബോയിൽ അമെരിക്കൻ മിസൈലിന്‍റെ ഭാഗം പതിച്ചതിനെ തുടർന്ന് ജനങ്ങൾ കടുത്ത ഭീതിയിലും ആശയക്കുഴപ്പത്തിലുമായി. ഭീകരർക്കുള്ള ക്രിസ്മസ് സമ്മാനം എന്ന് ഈ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചെങ്കിലും ഐസിസ് സാന്നിധ്യമില്ലാതെ സമാധാനമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഗ്രാമത്തിൽ ഇത്തരമൊരു ആക്രമണം ഉണ്ടായതിന്‍റെ കാരണം മനസിലാകാതെ വിഷമിക്കുകയാണ് ഗ്രാമവാസികൾ.
സോകോട്ടോ സംസ്ഥാനത്തെ താംബുവൽ ജില്ലയിലുള്ള ഗ്രാമത്തിലെ ഏക മെഡിക്കൽ സെന്‍ററിനു തൊട്ടടുത്തായാണ് മിസൈൽ പതിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ മിസൈൽ താഴേക്കു പതിക്കുകയും വൻ സ്ഫോടനം ഉണ്ടാകുകയുമായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ നടത്തിയ ശക്തവും മാരകവുമായ ആക്രമണമാണിത് എന്ന് ട്രംപ് പ്രഖ്യാപിച്ചു. ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്ന ഭീകരർക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ജാബോ ഒരു സമാധാന പൂർണ കർഷക ഗ്രാമമാണെന്നും അവിടെ ഐസിസ് പോലുള്ള ഭീകരസംഘടനകളുടെ സാന്നിധ്യം ഇല്ലെന്നും ഗ്രാമവാസികൾ പറയുന്നു.
നൈജീരിയയിലെ ചില ഭാഗങ്ങളിൽ ലകുരാവ പോലുള്ള ഭീകര സംഘടനകളുടെ ഭീഷണി ഉണ്ടെങ്കിലും ജാബോ ഗ്രാമത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഒന്നും ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക ജന പ്രതിനിധി ബഷാർ ഇസ ജാബോ വ്യക്തമാക്കി.
അമെരിക്കൻ വ്യോമസേനയ്ക്ക് ലക്ഷ്യം തെറ്റിയതാണോ അതോ രഹസ്യാന്വേഷണ വിവരങ്ങളിലെ പിഴവാണോ ഈ ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല.
നിലവിൽ നൈജീരിയൻ പൊലീസിന്‍റെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി മിസൈൽ അവശിഷ്ടങ്ങൾ പരിശോധിച്ചു വരികയാണ്. ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി അമെരിക്കൻ ആഫ്രിക്ക കമാന്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രാമവാസികൾ ഇത് നിഷേധിക്കുന്നു.