ഒളിവിൽ പോയ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ചംകൗർ സിങ് അറസ്റ്റിൽ
കാലിഫോർണിയ: കാലിഫോർണിയയിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു ശേഷം കടന്നു കളഞ്ഞ മുപ്പതുകാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ചംകൗർ സിങ് യൂട്ടായിൽ അറസ്റ്റിലായി. കഴിഞ്ഞ മാർച്ച് 29ന് കാലിഫോർണിയയിലെ ഒന്‍റാറിയോയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. വേഗത കുറഞ്ഞ വരിയിലൂടെ ട്രക്ക് ഓടിച്ചെത്തിയ സിങ് മറ്റു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകട സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ സെപ്റ്റംബർ ഒന്നിനു മോവാബിൽ വച്ച് വേഗപ്പൂട്ട് ലംഘനത്തിനു പൊലീസ് തടഞ്ഞപ്പോഴാണ് ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയുള്ള രാജ്യവ്യാപക വാറന്‍റ് നിലവിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഗ്രാന്‍റ് കൗണ്ടി ജയിലിൽ അടച്ച ഇയാൾക്കെതിരേ യുഎസ് ഇമിഗ്രേഷൻ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ഐ.സി.ഇ.) കേസ് രജിസ്റ്റർ ചെയ്തു.
2020 ഡിസംബറിൽ ഇന്ത്യയിൽ നിന്ന് തിരിച്ച് വിവിധ രാജ്യങ്ങൾ കടന്ന് 2021 ഓഗസ്റ്റിൽ അരിസോണ വഴിയാണ് ചംകൗർ സിങ് യു.എസിൽ അനധികൃതമായി പ്രവേശിച്ചത്. അതിർത്തി സംരക്ഷണ സേന അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇയാളെ ഒഴിവാക്കി വിടുകയായിരുന്നു.
തുടർന്ന് നാടുകടത്തൽ ഉത്തരവ് നിലനിൽക്കെ തന്നെ 2025 മേയ് 10-ന് കാലിഫോർണിയ ഭരണകൂടം ഇയാൾക്ക് കമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് (സി.ഡി.എൽ.) അനുവദിച്ചു. നിരോധിത രീതിയിലുള്ള വരിമാറ്റം, സുരക്ഷിതമല്ലാത്ത അകലം പാലിക്കൽ, അമിതവേഗത തുടങ്ങിയ മൂന്ന് ഗതാഗത ലംഘനങ്ങൾ ഡ്രൈവിങ് റെക്കോർഡിൽ ഉണ്ടായിട്ടും ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നില്ല. നിലവിൽ ഇയാൾ കസ്റ്റഡിയിലാണ്.