സിന്ധു നദിയുടെ സഞ്ചാരപഥം

 
World

പാക്കിസ്ഥാനിൽ ജലക്ഷാമം രൂക്ഷം; കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ

പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ മേഖലകളിലെല്ലാം നദീജലത്തിന്‍റെ അളവിൽ മുൻ വർഷത്തെക്കാൾ 20 ശതമാനം കുറവ്

ന്യൂഡൽഹി: സിന്ധു നദീജലക്കരാർ മരവിപ്പിച്ച ഇന്ത്യ ഒഴുക്കു നിയന്ത്രിച്ചതോടെ പാക്കിസ്ഥാനിലെ മൂന്നു പ്രധാന പ്രവിശ്യകളിലും കടുത്ത ജലക്ഷാമം. പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ മേഖലകളിലെല്ലാം നദീജലത്തിന്‍റെ അളവിൽ മുൻ വർഷത്തെക്കാൾ 20 ശതമാനം കുറവെന്ന് പാക് സർക്കാരിന്‍റെ രേഖകൾ. പഞ്ചാബിൽ കഴിഞ്ഞ വർഷം ജൂൺ 20ന് 1,30,800 ക്യുസെക്സ് (സെക്കൻഡിൽ ഏകദേശം 37 ലക്ഷം ലിറ്റർ) ആയിരുന്നു നീരൊഴുക്കെങ്കിൽ ഇപ്പോൾ അത് 1,10,500 ക്യുസെക്സ് (സെക്കൻഡിൽ 31.3 ലക്ഷത്തോളം ലിറ്റർ) മാത്രമാണ്.

സിന്ധിൽ 1,70,000 ക്യുസെക്സ് എന്നത് 1,33,000 ക്യുസെക്സ് ആയി കുറഞ്ഞു. ഖൈബർ പഖ്തൂൺഖ്വയിൽ കഴിഞ്ഞ വർഷം 2900 ക്യുസെക്സ് നീരൊഴുക്കുണ്ടായിരുന്നത് ഇപ്പോൾ 2600ലേക്കു താഴ്ന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയാണു പാക്കിസ്ഥാനിൽ ഖാരിഫ് വിളയുടെ സീസൺ. ജലക്ഷാമം ഖാരിഫ് വിളകളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

സിന്ധു, ചിനാബ്, ബിയാസ് നദികളിലെ വെള്ളം 160 കിലോമീറ്റർ നീളുന്ന തുരങ്കവും കനാലുകളുമുണ്ടാക്കി രാജസ്ഥാനിലേക്ക് ഒഴുക്കാനാണു കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. ഇതോടെ, കൃഷിക്ക് പൂർണമായി സിന്ധു നദിയിലെ വെള്ളത്തെ ആശ്രയിക്കുന്ന പാക്കിസ്ഥാൻ ഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങും. നിലവിൽ പാക്കിസ്ഥാനിലെ അണക്കെട്ടുകളിലും ജലക്ഷാമം ദൃശ്യമാണ്.

വേനൽ വിളകളായ പരുത്തിയുടെയും ചോളത്തിന്‍റെയും ഉത്പാദനത്തിൽ യഥാക്രമം 30, 15 ശതമാനത്തിന്‍റെ കുറവുണ്ടായതായാണു റിപ്പോർട്ട്. ഗോതമ്പ് ഉത്പാദനത്തിൽ ഒമ്പതു ശതമാനം കുറവുണ്ട്. സമ്പദ് വ്യവസ്ഥയുടെ 23 ശതമാനവും കൃഷിയിൽ നിന്നാണെന്നിരിക്കെ ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനു കനത്ത പ്രഹരമാകും.

കരാർ മരവിപ്പിച്ചതു പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ച് പാക്കിസ്ഥാൻ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. പാക് ജലവിഭവ മന്ത്രി സയ്യിദ് അലി മുർത്താസ ഇതിനകം നാലു കത്തുകൾ ഇന്ത്യയ്ക്കു നൽകി. എന്നാൽ, രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നും ഭീകരപ്രവർത്തനം തുടരുന്നിടത്തോളം പാക്കിസ്ഥാന് നദീജലം നൽകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് പാക്കിസ്ഥാൻ ലോകബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിലൊന്നും ചെയ്യാനില്ലെന്നാണു ലോകബാങ്ക് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു