'ലാപ്ടോപ്പും കസേരകളും കത്തിയും മുള്ളും' അടക്കം കണ്ണിൽ കണ്ടതെല്ലാം കൊള്ളയടിച്ച് പാക്കിസ്ഥാനികൾ!|Video
ലാഹോർ: വ്യാജ കോൾ സെന്‍ററിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ലാപ് ടോപ്പുകൾ അടക്കം സകലതും കൊള്ളയടിച്ച് പാക്കിസ്ഥാനികൾ. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ഫർണിച്ചറുകൾ എന്നിവ മുതൽ കത്തിയും മുള്ളും വരെ കൈയിൽ അടക്കിപ്പിടിച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സെക്റ്റർ എഫ്-11ൽ ചൈനീസ് സ്വദേശി നടത്തിയിരുന്ന കോൾ സെന്‍ററിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരിശോധന നടത്തിയത്.
കോൾ സെന്‍റർ തട്ടിപ്പുകൾക്കായി ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. പരിശോധനയ്ക്കു പിന്നാലെ വിദേശികൾ ഉൾപ്പെടെ 24 പേരെയാണ് അറസ്റ്റ് ചെയ്തത്. റെയ്ഡിനു തൊട്ടു പിന്നാലെയാണ് പ്രദേശവാസികൾ കോൾ സെന്‍റർ അപ്പാടെ കൊള്ളയടിച്ചത്.
കോൾ സെന്‍ററിൽ നിന്ന് വസ്തുക്കൾ എല്ലാം മോഷണം പോയതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ ആണ് ഇല്ലാതായിരിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. വിഡിയോ പുറത്തു വന്നതിനു പിന്നാലെ പാക്കിസ്ഥാനികളെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്.