വാൻസിന്‍റെ വാക്കുകൾ തിരുത്തി ട്രംപ്
വാഷിങ്ടൺ: മാസങ്ങളായി തുടരുന്നു ഇറാന്‍- അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണയുടെയും ഗ്യാസിന്‍റെയും വില കുറച്ച് നിര്‍ത്തുക എന്നതാണ് അമേരിക്കന്‍ ഭരണകൂടത്തിന്‍റെ പ്രഥമ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ വാക്കുകളെ തള്ളി പ്രസിഡന്‍റ് ട്രംപ്. തന്‍റെ ഒന്നാമത്തെ ലക്ഷ്യം ഇറാന് ആണവായുധം സ്വന്തമാക്കാന്‍ കഴിയാത്ത സാഹചര്യം ഉറപ്പാക്കുക എന്നതായിരിക്കുമെന്നും എന്നും ആ നിലപാട് തന്നെയായിരിക്കുമെന്നും ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് ഭരണകൂടത്തിന്‍റെ മുന്‍ഗണനകള്‍ വ്യക്തമാക്കിയത്. യുദ്ധത്തിനിടെ രാജ്യത്തെ ജനങ്ങള്‍ക്ക് എണ്ണയുടെയും ഗ്യാസിന്‍റെയും വില കുറഞ്ഞ നിലയില്‍ നിലനിര്‍ത്തുകയാണ് ഒന്നാം ലക്ഷ്യമെന്നും, ഇറാന് ഒരിക്കലും ആണവായുധം ലഭിക്കാതിരിക്കുക എന്നതാണ് രണ്ടാം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ട്രംപ് പ്രതികരിച്ചു. ഇതോടെ വാന്‍സിന്‍റെ പ്രസ്താവനയും ട്രംപിന്‍റെ നിലപാടും തമ്മില്‍ വ്യത്യാസമുണ്ടെന്ന ചര്‍ച്ച ശക്തമായി.
ഇറാനെതിരായ സൈനിക തീരുമാനങ്ങളില്‍ അമേരിക്കക്കാരുടെ സാമ്പത്തിക സാഹചര്യം പരിഗണിക്കുന്നില്ലെന്ന് ട്രംപ് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ അമേരിക്കക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇറാനുമായി കരാറിലെത്താനുള്ള തീരുമാനത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒട്ടുമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാന് ആണവായുധം ലഭിക്കാതിരിക്കുക എന്ന ഒരേയൊരു കാര്യമാണ് താന്‍ പരിഗണിക്കുന്നതെന്നും അമേരിക്കക്കാരുടെ സാമ്പത്തിക സാഹചര്യം താന്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
വാന്‍സിന്‍റെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് രണ്ട് ലക്ഷ്യങ്ങളും ട്രംപിന് ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി. ഗ്യാസിന്‍റെ വില കുറച്ച് നിര്‍ത്താന്‍ വിപണിയെ സ്ഥിരതയോടെ നിലനിര്‍ത്താന്‍ ഭരണകൂടം നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇറാന് ഒരിക്കലും ആണവായുധം ലഭിക്കാതിരിക്കുക എന്നതാണ് നിലവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റിന്‍റെ പ്രധാന മുന്‍ഗണനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് അവതാരകന്‍ ലോറന്‍സ് ജോണ്‍സ് വൈറ്റ് ഹൗസിന്‍റെ യുദ്ധലക്ഷ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് തന്‍റെ പ്രതികരണം പുറത്തുവിട്ടത്.
അതേസമയം, ഹോര്‍മുസ് കടലിടുക്കിന്‍റെ സ്ഥിതി ലഗുരുതരമായി തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയില്‍ വലിയ അനിശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത്. ഇറാനില്‍ ഇടപെടാതിരിക്കുന്നതിന്‍റെ ചെലവ് ഇപ്പോള്‍ അമേരിക്കക്കാര്‍ നേരിടുന്ന ഉയര്‍ന്ന ഗ്യാസിന്‍റെ വിലയേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാദിക്കുന്നു.
ഗ്യാസ് ബഡിയുടെ കണക്കനുസരിച്ച് സാധാരണ ഗ്യാസിന്‍റെ ശരാശരി വില ഗാലണിന് 4.02 ഡോളറാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഗ്യാസിന്‍റെ വില ഗാലണിന് ഒരു ഡോളറിലധികം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ വിലവര്‍ധനയുടെ പേരില്‍ താന്‍ മാപ്പുപറയില്ലെന്നും, ഇറാന് ആണവായുധം ലഭിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടിയാണ് ശരിയായതെന്നും ട്രംപ് വ്യക്തമാക്കി.