ഗർഭകാലം 15 മാസം, ആർക്കും കുട്ടികളുണ്ടാവും; നൈജീരിയയിലെ മാജിക്കൽ ഗർഭവും മനുഷ്യക്കടത്തും 
World

ഗർഭകാലം 15 മാസം, ആർക്കും കുട്ടികളുണ്ടാവും; നൈജീരിയയിലെ മാജിക്കൽ ഗർഭവും മനുഷ്യക്കടത്തും

ഗർഭധാരണം സ്ഥിരീകരിക്കുന്നതോടെ ഡോക്ടര്‍ പ്രസവത്തിനായി ഒരു ദിവസം നിര്‍ദേശിക്കും. അന്നാണ് വരേണ്ടത്, ചിലപ്പോള്‍ അത് പത്തും പതിനഞ്ചും മാസം നീണ്ടുപോയേക്കാം

ഒരു കുട്ടിയെ പ്രസവിക്കുക, അല്ലെങ്കിൽ വിവാഹ മോചനം നേടുക... കുട്ടികളില്ലാത്ത ഓരോ സ്ത്രീയും അനുഭവിക്കുന്ന കുത്തുവാക്കുകളും കളിയാക്കലുകളും വളരെ വലുതാണ്. ആർക്കാണ് കുറ്റമെന്നു പോലും നോക്കാതെ സ്ത്രീയുടെ മേൽ സർവ കുറ്റങ്ങളും ചുമത്തപ്പെടുന്നു. പറഞ്ഞുവരുന്നത് ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യാ നിരക്ക് വർധനയുള്ള നൈജീരിയയെക്കുറിച്ചാണ്.

കുട്ടികളുകളുണ്ടാവുന്നില്ലെന്ന പ്രശ്നവും വിവാഹ മോചനവും വർധിച്ചതോടെ രാജ്യത്ത് വന്ധ്യത ക്ലിനിക്കുകളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. ഇതോടെയാണ് നൈജീരിയയിൽ മാജിക്കൽ ഗർഭധാരണം വ്യാപിച്ചത്. ഇതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഒരു അന്താരാഷ്ട്ര മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

ഡോ. റൂത്ത് എന്ന സ്ത്രീ നടത്തുന്ന ക്ലിനിക്കിലാണ് സംഘം അന്വേഷണം നടത്തിയത്. ഇവിടെ നിന്നും മനസിലായത് മാജിക്കൽ ഗർഭധാരണത്തെക്കുറിച്ചും മനുഷക്കടത്തിനെക്കുറിച്ചും. കുട്ടികളില്ലാത്ത ആര്‍ക്കും, കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍ക്ക് പോലും ഗര്‍ഭധാരണം നടത്താമെന്ന വാഗ്ദാനവുമായാണ് ഡോ.റൂത്ത് നൈജീരിയിലെ അനാമ്പ്ര സംസ്ഥാനത്ത് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. ഈ ക്ലിനിക്കിലെ 'ചികിത്സ'യിലൂടെ കുട്ടികളെ ലഭിക്കുന്ന ദമ്പതികളുടെ എണ്ണം വർധിച്ചതോടെ ക്ലിനിക്കും പ്രശസ്തി ആർജിച്ചു.

15 മാസം വരെയാണ് ഇവിടെ ഗർഭധാരണ കാലയളവ്. ആദ്യ കൂടിക്കാഴ്ചയ്ക്ക് മാത്രം 17,000 രൂപയാണ് ഫീസ്. ഒരു ഇൻജക്ഷന്‍, കുടിക്കാനുള്ള മരുന്ന്, ജനനേന്ദ്രിയത്തില്‍ വെക്കാന്‍ മറ്റൊരു ഗുളിക ഇത്രയുമാണ് ആദ്യം നൽകുക. തുടർന്ന് വയർ വീർത്തു തുടങ്ങുന്നതോടെ ഡോക്‌ടർ നിർദേശിക്കുന്ന ദിവസം ഗർഭമുണ്ടോ എന്ന് പരിശോധിക്കാനെത്തണം.

ഗർഭധാരണം സ്ഥിരീകരിക്കുന്നതോടെ ഡോക്ടര്‍ പ്രസവത്തിനായി ഒരു ദിവസം നിര്‍ദേശിക്കും. അന്നാണ് വരേണ്ടത്, ചിലപ്പോള്‍ അത് പത്തും പതിനഞ്ചും മാസം നീണ്ടുപോയേക്കാം. ഇതിനിടെയുള്ള കാലയളവില്‍ ഒരു ഡോക്‌ടറെയും കാണുകയോ ചികിത്സ തേടുകയോ ചെയ്യരുതെന്ന് കർശന നിർദേശം നൽ‌കും. സംഭവിക്കുന്നതെല്ലാം അസ്വാഭാവികമായ കാര്യമാണെന്ന് പലര്‍ക്കും ബോധ്യമുണ്ടാവുമെങ്കിലും കുട്ടികളില്ലെങ്കില്‍ കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നും അനുഭവിക്കുന്ന മാനസിക സമ്മർദത്താൽ ആരും ഇതൊന്നും ചോദ്യം ചെയ്യാറില്ല.

പ്രസവത്തിനെത്തുമ്പോൾ വീണ്ടും ഒരു ഇൻജക്ഷനും മരുന്നും നൽകും. ഇതോടെ മയക്കത്തിലാവുന്ന സ്ത്രീകൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ അരികിലൊരു കുട്ടിയുണ്ടാവും. ശരീരത്തിൽ പ്രസവത്തിന്‍റേയോ ഓപ്പറേഷന്‍റേയോ സ്ട്രച്ച് മാർക്ക് ഉണ്ടാവും.

ക്ലിനിക്കിന് പുറത്തേക്ക് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഭീകരമായ മനുഷ്യക്കടത്തിന്‍റെ വിവരങ്ങളാണ്. സ്ത്രീകൾ ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല. മക്കത്തിൽനിന്ന് ഉണരുമ്പോൾ ലഭിക്കുന്നത് ഇവരുടെ കുട്ടികളുമല്ല. പകരം രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഇവർ‌ കടത്തിക്കൊണ്ടുവരുന്ന കുട്ടികളാണ്.

രാജ്യത്തെ ചുവന്ന തെരുവില്‍നിന്നാണ് ഏജന്‍റുകള്‍ പ്രധാനമായും കുട്ടികളെ കൊണ്ടുവരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവിടെ ഗര്‍ഭിണിയാവുന്ന പെണ്‍കുട്ടികുട്ടികളെ നോട്ടമിടുന്ന ഇവർ അവരുമായി സംസാരിച്ച് കുഞ്ഞിനൊരു വിലപറയും. തുടർന്ന് ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രസവശേഷം പണമിടപാട് പൂര്‍ത്തിയാക്കി മാജിക്കല്‍ ഗര്‍ഭ കേന്ദ്രത്തിലേക്ക് കുട്ടികളെ എത്തിക്കും. ഈ സമയം കണക്കാക്കിയായിരിക്കും ദമ്പതികളുടെ പ്രസവ ദിനം ഡോക്‌ടർമാർ തീരുമാനിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു