നംഗർഹാർ പ്രവിശ്യയിലെ ബിഹ്സുദ് ജില്ലയിലെ ഗിർദി കാസ് ഗ്രാമത്തിൽ ഒരു രാത്രിയിലെ പാകിസ്ഥാൻ വ്യോമാക്രമണത്തിന് ശേഷം താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇരകൾക്കായി തിരച്ചിൽ നടത്തുന്നു
IMAGE: AFP
ഇസ്ലാമബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. അഫ്ഗാൻ മേഖലയിൽ പാക്കിസ്ഥാൻ അതിരൂക്ഷമായ വ്യോമാക്രമണം നടത്തി. താലിബാൻ ഭരണകൂടത്തിന്‍റെ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധ സമാനമായ സാഹചര്യത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മൂന്ന് വൻ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നീ പ്രവിശ്യകളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുളള മുജാഹിദ് സ്ഥിരീകരിച്ചു. പാക് സൈന്യത്തിന്‍റേത് ഭീരുത്വപൂർണമായ നടപടിയാണെന്നും എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.അതിർത്തി ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്ന് തിരിച്ചടി നടത്തിയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
പക്തിക, പക്തിയ, ഖോസ്റ്റ്,നംഗർഹാർ, കുനാർ , നൂറിസ്ഥാൻ പ്രവിശ്യകളിൽ ഒരേ സമയം ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. നാലു മണിക്കൂർ നീണ്ട പോരാട്ടത്തിൽ രണ്ടു പാക് സൈനിക താവളങ്ങളും 19 പോസ്റ്റുകളും തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. 55 പാക് സൈനികർ കൊല്ലപ്പെട്ടതായും ചിലരെ ജീവനോടെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. ഒരു പാക് ടാങ്ക് നശിപ്പിക്കുകയും സൈനിക വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി അവർ പറഞ്ഞു. ചീഫ് ഒഫ് ജനറൽ സ്റ്റാഫിന്‍റെ നിർദേശപ്രകാരം അർധരാത്രിയോടെ പോരാട്ടം നിർത്തി വെച്ചതായും റിപ്പോർട്ടിലുണ്ട്.
എട്ടു താലിബാൻ സൈനികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അധികൃതർ സമ്മതിച്ചു. എന്നാൽ അഫ്ഗാനിസ്ഥാൻ പുറത്തു വിട്ട കണക്കുകൾ പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ 36 അഫ്ഗാൻ പോരാളികളെ വധിച്ചതായി പാക് ഇൻഫർമേഷൻ മന്ത്രി അത്താ ഉള്ള തരാർ പറഞ്ഞു. അഫ്ഗാനിസ്താന്‍റെ പ്രകോപനമില്ലാത്ത വെടിവയ്പിന് ശക്തമായ മറുപടി നൽകുന്നുണ്ടെന്നും സ്വന്തം മണ്ണ് സംരക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.