മോസോകോ: പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്കോ വിട്ടെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ. പുടിൻ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പ്രതിരോധ ആസ്ഥാനമായ ക്രെംലിനിൽ ഔദ്യോഗിക തിരക്കുകളിലാണെന്നും പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ്. വാഗ്നർസേന മോസ്കോയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ പുടിൻ വിമാനത്തിൽ തലസ്ഥാനം വിട്ടതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.15ന് പുടിന്റെ വിമാനം മോസ്കോയിൽ നിന്നു പറന്നുയർന്നതായി ഫ്ലൈറ്റ് റഡാർ രേഖകളെ ആസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പുടിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് 150 കിലോമീറ്റർ അകലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്നായിരുന്നു വാർത്ത. പുടിൻ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കാണു പോയതെന്നും സെന്റ് പീറ്റേഴ്സ് ബർഗായിരിക്കാം ലക്ഷ്യമെന്നും അഭ്യൂഹമുയർന്നിരുന്നു. വാൽദയിലെ വസതിയിലേക്കാണു പോയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം അടിസ്ഥാനരഹിതമെന്നു പെസ്കോവ് പറഞ്ഞു.
അതേസമയം, റഷ്യൻ ഉദ്യോഗസ്ഥർ മോസ്കോയിൽ നിന്നു പ്രത്യേക വിമാനങ്ങളിൽ കടന്നുവെന്ന് സ്വതന്ത്ര മാധ്യമമായ മോഷം ഒബ്യസ്നിറ്റ് റിപ്പോർട്ട് ചെയ്തു. അവസാന റിപ്പോർട്ട് പ്രകാരം വാഗ്നർ സേന മോസ്കോയ്ക്ക് 250 മൈൽ തെക്കുള്ള ലിപ്ടെസ്ക് നഗരത്തിലാണ്. അതിവേഗം ഇവർ മോസ്കോയിലേക്കു നീങ്ങുകയാണ്.