സനം കബീരി
Credit: Afgan Times
ലോകത്തിലെ ഏറ്റവും ദുരിതപൂർണമായ രാജ്യമെന്നാണ് താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാൻ ഇപ്പോൾ അറിയപ്പെടുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസമോ നല്ല ചികിത്സയോ യാതൊരു വിധ സ്വാതന്ത്ര്യമോ ഇല്ലാത്ത രാജ്യമായി അഫ്ഗാൻ മാറിയിട്ട് വർഷങ്ങളായി. പഠനം വഴി മുട്ടിയ പെൺകുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിച്ച് പഠിച്ചു മുന്നേറുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ സകല ഇന്‍റർനെറ്റ് കണക്ഷനും അടുത്തയിടെ താലിബാൻ ഭരണകൂടം അഫ്ഗാനിൽ നിരോധിച്ചത്.
ഇങ്ങനെയെല്ലാം താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാൻ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ പ്രവർത്തകയും അഫ്ഗാൻ വനിതാ പ്രതിഷേധക്കാരുടെ സംഘടനയിലെ അംഗവുമായ സനം കബീരി സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ശക്തമായ ശബ്ദമായി ഉയർന്നു വന്നിരിക്കുന്നത്.
കാബൂൾ, ഹെറാത്ത്, മസാർ-ഇ-ഷെരീഫ്, തഖാർ,ബദക്ഷാൻ, കുണ്ടുസ് തുടങ്ങി അഫ്ഗാനിസ്ഥാനിൽ ഉടനീളം എല്ലാ നഗരങ്ങളിലും സനം കബീരിയും സഹപ്രവർത്തകരും താലിബാന്‍റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിനും തൊഴിലിനും ഉള്ള പ്രവേശനം നഷ്ടപ്പെടുന്നതുൾപ്പടെ അഫ്ഗാൻ സ്ത്രീകൾ നേരിടുന്ന കഠിനമായ യാഥാർഥ്യങ്ങളിലേയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുകയായിരുന്നു കബീരിയുടെ ലക്ഷ്യം.
2022 ഓഗസ്റ്റിൽ താലിബാന്‍റെ നേരിട്ടുള്ള ഭീഷണിയെ തുടർന്ന് സനം കബീരി അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തു. പലായന വഴിയിൽ കബീരിയെയും അവളുടെ കുട്ടികളെയും തടവിൽ വയ്ക്കാനും താലിബാൻ ശ്രമിച്ചു.താലിബാന്‍റെ നയവൈകല്യങ്ങൾ അഫ്ഗാനിലെ വനിതാ പ്രൊഫഷണലുകളെയും ആക്റ്റിവിസ്റ്റുകളെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.
പലരും കുടിയേറ്റക്കാരോ അഭയാർഥികളോ പ്രവാസികളോ ആയി. സാമ്പത്തികവും സാമൂഹികവുമായ ദുരിതങ്ങൾക്ക് ഇതു കാരണമായെന്നും അഫ്ഗാൻ സ്ത്രീകളുടെ ഈ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അത് പരിഹരിക്കപ്പെടാതെ തുടർന്നാൽ അവ അഫ്ഗാൻ സമൂഹത്തിന് മൊത്തത്തിൽ ഗുരുതരമായ ഭീഷണി ഉണ്ടാക്കുമെന്നും കബീരി അന്താരാഷ്ട്ര സമൂഹത്തോടു വിളിച്ചു പറയുന്നു.