ഇത്തവണ ആയുധങ്ങളില്ല, ബഹളവുമില്ല; പാക്കിസ്ഥാനിൽ അദൃ‌ശ്യ സൈനിക അട്ടിമറി?

 
World

ഇത്തവണ ആയുധങ്ങളില്ല, ബഹളവുമില്ല; പാക്കിസ്ഥാനിൽ അദൃ‌ശ്യ സൈനിക അട്ടിമറി?

1999ലാണ് പാക്കിസ്ഥാൻ അവസാനമായി സൈനിക അട്ടിമറിക്ക് സാക്ഷിയായത്.

നീതു ചന്ദ്രൻ

സൈനിക അട്ടിമറി പാക്കിസ്ഥാനെ സംബന്ധിച്ച് പുത്തരിയല്ല. മൂന്നു തവണയാണ് രാജ്യം സൈനിക അട്ടിമറിക്ക് സാക്ഷിയായത്. മുൻപെല്ലാം രാത്രി പുലരുമ്പോൾ ആയുധങ്ങളുടെ പിന്തുണയോടെയുള്ള അട്ടിമറിയായിരുന്നെങ്കിൽ ഇത്തവണ അദൃശ്യവും നിശബ്ദവുമായൊരു അട്ടിമറിക്കാണ് പാക്കിസ്ഥാൻ സാക്ഷിയാകുന്നത്. ഫീൽഡ് മാർഷർ അസിം മുനീറിന് ന്യുക്ലിയാർ അഥോറിറ്റി ഉൾപ്പെടെയുള്ളവയുടെ അധികാരമുള്ള സംയുക്ത സേനാമേധാവി ആക്കി ഉയർത്തിയതോടെയാണ് അധികാരക്കൈമാറ്റം രാജ്യത്ത് അൽപ്പമെങ്കിലും പ്രത്യക്ഷമായത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം യുഎസുമായി പാക്കിസ്ഥാൻ അടുപ്പം സൃ‌ഷ്ടിച്ചതോടെയാണ് അസിം മുനീറിന്‍റെ അന്താരാഷ്ട്ര സ്വാധീനം വ്യക്തമായത്.

പക്ഷേ അതിനും ഏറെ കാലം മുൻപു തന്നെ അസിം മുനീർ പാക്കിസ്ഥാനെ അപ്പാടെ തന്‍റെ വരുതിയിലാക്കാനുള്ള വഴി വെട്ടിയിരുന്നു. നിലവിൽ അസിം മുനീറിന് ആജീവനാന്തകാലം നിയമ പരിരക്ഷ നൽകിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് പാക് പാർലമെന്‍റ് അംഗീകാരം നൽകി. ജനാധിപത്യത്തെ അപ്പാടെ തച്ചുടയ്ക്കുന്ന നിയമഭേദഗതിയാണ് പാക് പാർലമെന്‍റ് പാസ്സാക്കിയിരിക്കുന്നത്. കര, നാവിക, വ്യോമ സേനകളുടെ മേധാവിയായ അസിം മുനീർ കാലാവധി പൂർത്തിയാക്കിയാലും ആജീവനാന്തകാലം നിയമപരിരക്ഷയോടെ ഫൈവ് സ്റ്റാർ റാങ്കിൽ തന്നെ തുടരുമെന്ന് ചുരുക്കം.

1999ലാണ് പാക്കിസ്ഥാൻ അവസാനമായി സൈനിക അട്ടിമറിക്ക് സാക്ഷിയായത്. അന്നത്തെ സൈനിക മേധാവിയായിരുന്ന പർവേസ് മുഷറഫാണ് അന്ന് അധികാരം പിടിച്ചെടുത്തത്. അതിനു മുൻപ് 1977ൽ സിയ -ഉൾ ഹഖും 196‌58ൽ അയൂബ് ഖാനും സൈനിക അട്ടിമറി നടത്തിയിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറകിലുള്ള കാരണം സർക്കാരിന്‍റെ അഴിമതിയായിരുന്നു. 1977ൽ സുൾഫിക്കൽ അലി ഭൂട്ടോ സർക്കാരിനെ വീഴ്ത്തി ജനറൽ സിയ ഉൾ ഹഖ് അധികാരം പിടിച്ചെടുത്തതിനു പിന്നാലെ പാക്കിസ്ഥാനിലെ നിയമങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിരുന്നു.

പത്തു വർഷത്തോളം നീണ്ടു നിന്നെങ്കിലും പിന്നീട് സിവിലിയൻ ഭരണം നിലവിൽ വന്നു. മുഷറഫിനും അതു തന്നെയായിരുന്നു വിധി. എന്നാൽ അസിം മുനീർ ഭരണഘടനയെ തന്നെ ഭേദഗതി ചെയ്തു നടത്തുന്ന വിധത്തിലുള്ള ശക്തമായൊരു അട്ടിമറി നടത്താൻ ഇതിനു മുൻപ് മറ്റാർക്കും സാധിച്ചിട്ടില്ല.

പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഒപ്പം നിർത്തിക്കൊണ്ട് പാവ സർക്കാരിന്‍റെ ചരടുകൾ നീക്കുന്നത് അസിം മുനീറാണെന്ന് ആരോപണമുയരുന്നുണ്ട്. അതു കൊണ്ടു തന്നെ അസിം മുനീറിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് കൂടുതൽ അപകടകരമാണെന്ന് അന്താരാഷ്‌ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

ഫൈവ് സ്റ്റാർ റാങ്കിലുള്ള ഫീൽഡ് മാർഷൽ പദവി ആജീവനാന്ത കാലം തുടരാമെന്ന ഭേദഗതിയാണ് പാസ്സാക്കിയിരിക്കുന്നത്. ഓഫിസർ ആജീവനാന്തകാലം യൂണിഫോമിൽ തുടരും. ആർട്ടിക്കിൾ 47 പ്രകാരം ഇംപീച്ച്മെന്‍റിലൂടെ മാത്രമേ അവരെ പുറത്താക്കാൻ സാധിക്കൂ. ജീവിതകാലം മുഴുവൻ അസിം മുനീറിനെതിരേ നിയമപരമായി കേസുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല, എന്തിനേറെ ഒരു പരാതി പോലും നൽകാൻ സാധിക്കില്ല. അതായത് അദ്ദേഹത്തിന് എന്തും ചെയ്യാമെന്ന് ചുരുക്കം. കൊലപാതകം, ബലാത്സംഗം മുതൽ എന്ത് കുറ്റകൃത്യം ചെയ്താലും അദ്ദേഹത്തിനെതിരേ യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് പാക് മാധ്യമപ്രവർത്തകനായ ഇമ്രാൻ റിയാസ് ഖാൻ പറയുന്നു.

സൈന്യം മാത്രമല്ല ജുഡീഷ്യറിയെ കൂടി തന്‍റെ നിയന്ത്രണത്തിൽ വരുത്തിയിരിക്കുകയാണ് അസിം മുനീർ. സുപ്രീം കോടതി അടക്കമുള്ളവയുടെ മരണം ‍എന്നാണ് പുതിയ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

സംവിധായകൻ വി.എം. വിനു കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി