ഒരൊറ്റ ബെഡ്റൂം, ബാത്റൂമിൽ ഒരു ടവൽ മാത്രം, ഫ്രിഡ്ജിൽ ഒന്നുമില്ല; ട്രില്യണയർ മസ്ക് താമസിക്കുന്നത് കുഞ്ഞുവീട്ടിൽ
ചരിത്രത്തിലെ തന്നെ ആദ്യത്തെ ട്രില്യണയർ ആയ ഇലോൺ മസ്ക് താമസിക്കുന്നത് ഒരൊറ്റ ബെഡ്റൂം മാത്രമുള്ള കൊച്ചു വീട്ടിൽ. ടെക്സാസിൽ സ്വന്തം കമ്പനിയായ സ്പേസ് എക്സിൽ നിന്ന് വാടകയ്ക്കെടുത്ത ചെറിയ വീട്ടിലാണ് മസ്ക് താമസിക്കുന്നതെന്നാണ് ഫോർച്യുൺ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. 2020ലാണ് മസ്കും അദ്ദേഹത്തിന്‍റെ കമ്പനികളും ടെക്സാസിലേക്ക് എത്തിയത്. ആ സമയത്ത് തന്നെ മസ്ക് കാലിഫോർണിയയിലുള്ള ആഡംബര സ്വത്തെല്ലാം വിറ്റിരുന്നു.
ഓസ്റ്റിനിൽ ഏതാണ് 35 മില്യൺ വില വരുന്ന ഭൂസ്വത്ത് സ്വന്തമാക്കുകയും ചെയ്തു. എങ്കിൽ പോലും ബോക്കാചിക്കയിലെ സ്പേസ്എക്സിന്‍റെ സ്റ്റാർബേസ് ഫെസിലിറ്റിക്കു സമീപമുള്ള വെറും 400 ചതുരശ്ര അടി മാത്രമുള്ള വീട്ടിലാണ് മസ്കിന്‍റെ നിത്യജീവിതം. ഏതാണ്ട് 50,000 ഡോളറാണ് വീടിന് വിലയുള്ളത്. ഹൗസിങ് സംരംഭമായ ബോക്സബിളാണ് വീട് നിർമിച്ചിരിക്കുന്നത്. ഒരു ലിവിങ് ഏരിയ, ഒരു ബെഡ്റൂം, ഒരു അടുക്കള, ഒരു ബാത്റൂം എന്നിവയാണ് വീട്ടിലുള്ളത്.
ഓസ്റ്റിനിലെ സമ്പന്നർ പാർക്കുന്ന മേഖലയായ വെസ്റ്റ് ലേക് ഹിൽസിൽ 6,000 മുതൽ 9,000 വരെ ചതുരശ്ര അടി വലുപ്പവും നീന്തൽക്കുളവുമുള്ള മൂന്നു വീടുകൾ മസ്കിന് സ്വന്തമായിട്ടുണ്ട്.
എക്സ് ഇൻഫ്ലുവൻസറായ ഡീമ സെൻയൂക് ഒരിക്കൽ മസ്കിന്‍റെ വീടിന്‍റെചിത്രം എക്സിലൂടെ പങ്കു വച്ചിരുന്നു. ഈ പോസ്റ്റ് മസ്കിന്‍റെ അമ്മ മേയ് മസ്കും പങ്കു വച്ചിരുന്നു. ആ ഫ്രിഡ്ജിൽ ഭക്ഷണമൊന്നുമില്ല. ബാത് റൂമിൽ ഒരൊറ്റ ടവൽ മാത്രമേ ഉള്ളൂ. അതു ഞാൻ ഇലോണിന് വേണ്ടി മാറ്റി വച്ചു. എനിക്കതിൽ പ്രശ്നമില്ല. കുട്ടിയായിരുന്നപ്പോൾ കലഹാരി മരുഭൂമുയിൽ മൂന്ന് ആഴ്ചയോളം ഞാൻ കുളിക്കാതെ ജീവിച്ചിട്ടുണ്ട്. അതും പലവട്ടം. അവിടെ വെള്ളമുണ്ടായിരുന്നില്ല. എന്‍റെ മാതാപിതാക്കൾ ഈ ആഡംബരത്തിനു വേണ്ടി എന്നെ മുൻപേ തയാറാക്കിയതാണെന്നാണ് തോന്നുന്നതെന്നാണ് മേയ് കുറിച്ചിരിക്കുന്നത്.