യുഎസിൽ അറസ്റ്റിലായ പൗരന്മാരെ തിരികെ നാട്ടിലേത്തിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍
വാഷിങ്ടണ്‍: ജോര്‍ജിയയിലെ നിര്‍മാണത്തിലിരിക്കുന്ന ഹ്യൂണ്ടായ് പ്ലാന്‍റില്‍ നടന്ന ഇമിഗ്രേഷന്‍ പരിശോധനയ്ക്കിടെ പിടിയിലായ 300ലധികം വരുന്ന ദക്ഷിണ കൊറിയന്‍ തൊഴിലാളികളെ നാട്ടിലേക്കു തിരികെ കൊണ്ടുവരുമെന്നു ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. യുഎസില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നീക്കത്തിന്‍റെ ഭാഗമായിട്ടാണു പരിശോധന നടത്തിയത്.
അമെരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷി രാജ്യമാണ് ദക്ഷിണ കൊറിയയെങ്കിലും ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നീക്കം കര്‍ശനമായി നടപ്പിലാക്കുകയാണ്. സെപ്റ്റംബര്‍ നാലിനാണു യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ കൊറിയന്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദക്ഷിണ കൊറിയയും യുഎസും പൂര്‍ത്തിയാക്കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് കാങ് ഹൂണ്‍-സിക് ഇന്നലെ പറഞ്ഞു.
നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തൊഴിലാളികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ ചാര്‍ട്ടര്‍ വിമാനം അയയ്ക്കാന്‍ ദക്ഷിണ കൊറിയ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.
യുഎസിലെ ജോര്‍ജിയയില്‍ ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്‍റില്‍ നിന്നാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ 475 പേരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഭൂരിഭാഗവും ദക്ഷിണ കൊറിയന്‍ വംശജരായിരുന്നു.
ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണു ഹ്യൂണ്ടായി മോട്ടോര്‍ ഗ്രൂപ്പ്. ഒരു വര്‍ഷം മുമ്പാണ് ഹ്യൂണ്ടായിയുടെ 7.6 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കുള്ള പ്ലാന്‍റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഏകദേശം 1200 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണു ദക്ഷിണ കൊറിയ. ഹ്യൂണ്ടായ് പോലുള്ള ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്കും ഇലക്ട്രോണിക്‌സ് നിര്‍മാതാക്കള്‍ക്കും യുഎസില്‍ ഒന്നിലധികം പ്ലാന്റുകളുണ്ട്. യുഎസ് വിപണിയില്‍ പ്രവേശിക്കുന്നതിനും പ്രസിഡന്‍റ് ട്രംപിന്‍റെ താരിഫ് ഭീഷണികള്‍ ഒഴിവാക്കുന്നതിനുമായി ദക്ഷിണ കൊറിയന്‍ കമ്പനികള്‍ അമെരിക്കയില്‍ ഫാക്റ്ററികള്‍ നിര്‍മിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുമുണ്ട്.