ഇടത്-ജഡ്ജ് ഫ്രാങ്ക് കാപ്രിയോ മരിക്കുന്നതിന്ഏതാനും നിമിഷങ്ങൾക്കു മുമ്പ്, വലത്-അദ്ദേഹം കോടതിയിൽ 

 

file photo 

World

'ദയാലുവായ ജഡ്ജി' ഫ്രാങ്ക് കാപ്രിയോയ്ക്ക് അന്ത്യാഞ്ജലി

ഇക്കഴിഞ്ഞ 2025 ഫെബ്രുവരി നാലിനാണ് അദ്ദേഹം 'ഫ്രാങ്ക് കാപ്രിയോ കംപാഷന്‍ ഇൻ ദി കോർട്ട്' എന്ന തന്‍റെ പുസ്തകം പുറത്തിറക്കിയത്.

ലോക ചരിത്രത്തിലെ ഏറ്റവും ദയാലുവായ ജഡ്ജി-അങ്ങനെയാണ് പതിറ്റാണ്ടുകളോളം അമെരിക്കയിലെ റോസ് ഐലന്‍ഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയുടെ ചീഫ് ജഡ്ജിയായിരുന്ന് ജനഹൃദയങ്ങൾ കീഴടക്കിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോയുടെ മരണത്തെ ലോകം കാണുന്നത്. തന്‍റെ എൺപത്തെട്ടാം വയസിൽ പാൻക്രിയാറ്റിക് ക്യാൻസർ മൂലമായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ദാരിദ്ര്യത്തിൽ നിന്ന് നീതിപീഠത്തിലേയ്ക്ക് വളർന്ന നൈർമല്യം

നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജഡ്ജ് ഫ്രാങ്ക് കാപ്രിയോ വളരെ സാധാരണക്കാരനായ ഒരു ഇറ്റാലിയൻ പാൽ-പഴക്കച്ചവടക്കാരന്‍റെ മൂന്നു മക്കളിൽ രണ്ടാമനായിരുന്നു. പിതാവായ അന്‍റോണിയോ ടപ്പ് കാപ്രിയോ തന്‍റെ കുട്ടികളെ ദരിദ്രരോടു ദയ കാണിക്കാനും നന്നായി പഠിക്കാനും തന്‍റെ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇത് കൊച്ചു ഫ്രാങ്കിന്‍റെ മനസിൽ ശക്തമായ സാന്നിധ്യമായി വളർന്നു.

ചെറുപ്പത്തിൽ ഡിഷ് വാഷറായും ഷൂ-ഷൈനറായും ജോലി ചെയ്തിരുന്നു കുഞ്ഞു ഫ്രാങ്ക്. പ്രൊവിഡൻസ് പബ്ലിക് സ്കൂളിൽ ചേർന്നു പഠിക്കവേ 1953 ൽ ഗുസ്തിയിൽ സംസ്ഥാന കിരീടവും നേടി. ഡൊമിനിക്കൻ സഭയുടെ സർവകലാശാലയായ പ്രൊവിഡൻസ് കോളെജിൽ നിന്ന് 1958ൽ അദ്ദേഹം ബാച്ചിലേഴ്സ് ബിരുദം നേടി.

നിയമ രംഗത്തേയ്ക്കുള്ള ചുവടു വയ്പ്

പിന്നീട് പ്രൊവിഡൻസിലെ ഹോപ്പ് ഹൈസ്കൂളിൽ അമെരിക്കൻ ഗവണ്മെന്‍റ് അധ്യാപകനായി ജീവിതം തുടങ്ങിയ അദ്ദേഹം ബോസ്റ്റണിലെ സഫോക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലോയിൽ നൈറ്റ് സ്കൂളിൽ ചേർന്നതോടെയാണ് നിയമരംഗത്തേയ്ക്കുള്ള കവാടം അദ്ദേഹത്തിനു മുൻപിൽ തുറക്കാൻ കാരണമായത്.

1954-62 കാലഘട്ടത്തിൽ റോഡ് ഐലൻഡ് ആർമി നാഷണൽ ഗാർഡിൽ കോംബാറ്റ് എൻജിനീയർ ബറ്റാലിയനിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ആർമി നാഷണൽ ഗാർഡിൽ സേവനം അനുഷ്ഠിച്ച കാലത്ത് നരാഗൻസെറ്റിലെ ക്യാംപ് വാർണമിലും പെൻസിൽവാനിയയിലെ ഫോർട്ട് ഇന്ത്യൻ ടൗൺ ഗ്യാപ്പിലും അദ്ദേഹം ജോലി ചെയ്തിരുന്നു.

"കാട്ട് ഇൻ പ്രൊവിൻസസ്" ചരിത്രം കുറിച്ച പരിപാടി

റോഡ് ഐലൻഡ് ബോർഡ് ഒഫ് ഗവർണേഴ്സ് ഫൊർ ഹയർ എജ്യുക്കേഷന്‍റെ ചെയർമാനായിരുന്ന അദ്ദേഹത്തിന്‍റെ ജുഡീഷ്യൽ പ്രവർത്തനങ്ങൾ കാട്ട് ഇൻ പ്രൊവിൻസസ് എന്ന പരിപാടിയിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതോടെയാണ് ലോകത്തിലെ ഏറ്റവും ദയാലുവായ ജഡ്ജിയെക്കുറിച്ച് പുറം ലോകം അറിയാനിടയായത്. അമെരിക്കയിൽ ഗതാഗത നിയമലംഘനക്കേസുകൾക്ക് വലിയ തുകകൾ ഈടാക്കാറുണ്ട്. ഇത് അവിടുത്തെ സാധാരണക്കാരായ മനുഷ്യർക്ക് വലിയ പ്രതിസന്ധികളും ഉണ്ടാക്കാറുണ്ട്.

പ്രതികളുടെ കുഞ്ഞുങ്ങളെ ലാളിച്ച് ആശ്വസിപ്പിക്കുന്ന ജഡ്ജ്

പ്രതികളുടെ കുഞ്ഞുങ്ങളെ ലാളിച്ച് ആശ്വസിപ്പിക്കുന്ന ജഡ്ജ്

അതു കൊണ്ടു തന്നെ ജഡ്ജ് ഫ്രാങ്ക് കാപ്രിയോയുടെ വിധി നിർണയങ്ങൾ പ്രതികളാക്കപ്പെടുന്നവരുടെ കുട്ടികളുടെ അഭിപ്രായം കൂടി കേട്ട ശേഷം മാത്രമായിരുന്നു. പലപ്പോഴും ജീവിതത്തിൽ കടുത്ത പ്രതിസന്ധിയിൽപ്പെട്ട് തങ്ങൾക്കാകെയുള്ള ആശ്രയമായ മാതാവിനെ കോടതി ശിക്ഷിക്കുമോ എന്ന് ഭയന്നു നിൽക്കുമ്പോഴും തന്‍റെ അമ്മ റോഡ് നിയമം ലംഘിച്ചു എന്നു ജഡ്ജിനോട് ഏറ്റു പറയുന്ന കുഞ്ഞുങ്ങളെയും അതിനു കാരണമായ അമ്മയുടെ അവസ്ഥയെ കൂടി ജഡ്ജിനോടു പറഞ്ഞ് തന്‍റെ അമ്മയെ ശിക്ഷിക്കാതിരിക്കാമോ എന്നു ചോദിക്കുന്ന കുട്ടികളെയും കാട്ട് ഇൻ പ്രൊവിൻസസ് എന്ന പരിപാടിയിലൂടെ ആഗോള തലത്തിലുള്ള ലോകം അറിഞ്ഞു. പാർക്കിങ് വാർസ് എന്ന പരമ്പരയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. നിരവധി ഗതാഗത നിയമലംഘടന കേസുകൾക്ക് തീർപ്പു കൽപ്പിച്ചു. അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയാക്കണം എന്ന് നിരവധി പ്രേഷകർ അഭിപ്രായപ്പെട്ടു.

"ഫ്രാങ്ക് കാപ്രിയോ കംപാഷന്‍ ഇൻ ദി കോർട്ട്' ജീവചരിത്രം

കോടതിയിലെ സഹാനുഭൂതിയും നർമവും വാൽസല്യവും കലർന്ന ഇടപെടലും കൊണ്ട് പ്രശസ്തനായി. 500 ദശലക്ഷത്തിനടുത്തു വ്യൂവേഴ്സ് ഉള്ള സോഷ്യൽ മീഡിയ താരമായിരുന്നു അന്തരിക്കുമ്പോൾ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. മരിക്കുന്നതിനു തൊട്ടു മുമ്പും ആശുപത്രിക്കിടക്കയിൽ നിന്നും അദ്ദേഹം തന്‍റെ വ്യൂവേഴ്സുമായി സംവദിച്ചിരുന്നു.ഇക്കഴിഞ്ഞ 2025 ഫെബ്രുവരി നാലിനാണ് അദ്ദേഹം "ഫ്രാങ്ക് കാപ്രിയോ കംപാഷന്‍ ഇൻ ദി കോർട്ട്' എന്ന തന്‍റെ പുസ്തകം പുറത്തിറക്കിയത്.

പൊതുസേവനം ജനസേവനമാക്കിയ ന്യായാധിപൻ

അഞ്ചു ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനുകളിൽ പ്രതിനിധിയായിരുന്ന അദ്ദേഹം റോഡ് ഐലൻഡ് യൂണിവേഴ്സിറ്റി, റോഡ് ഐലൻഡ് കോളെജ് , റോഡ് ഐലൻഡ് കമ്യൂണിറ്റി കോളെജ് എന്നിവയുടെ പ്രധാന തീരുമാനങ്ങൾ നിയന്ത്രിക്കുന്ന റോഡ് ഐലന്‍ഡ് ബോർഡ് ഒഫ് ഗവർണേഴ്സ് ഫൊർ ഹയർ എജ്യുക്കേഷന്‍റെ അധ്യക്ഷനായിരുന്ന അദ്ദേഹം. 1985 മുതൽ 2023 വരെ അദ്ദേഹം പ്രൊവിഡൻസ് മുനിസിപ്പൽ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു.

ഇന്ത്യയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. ഇന്ത്യ അദ്ദേഹത്തെ മദർ തെരേസ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ഇത്തവണയും ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് തന്‍റെ രോഗാവസ്ഥയിലും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകളുമായി എത്തിയിരുന്നു. തന്‍റെ സ്വാതന്ത്ര്യ ദിനാശംസയ്ക്കു താഴെ അദ്ദേഹം ഇങ്ങനെ കുറിച്ചു:

"ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വഴി തെളിച്ച ധൈര്യത്തെയും ത്യാഗത്തെയും ഐക്യത്തെയും നമ്മൾ ആദരിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ മാത്രമല്ല, ഇന്ത്യയെ അസാധാരണമാക്കുന്ന സമ്പന്നമായ സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും ആത്മാവിന്‍റെയും ആഘോഷമാണിത്. ഇന്ത്യക്കാരായ അത്ഭുതകരമായ നിരവധി പേരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. ഇന്ത്യയുടെ സാമൂഹിക നീതിക്കുള്ള മദർ തെരേസ അവാർഡ് ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ എന്‍റെ എല്ലാ സുഹൃത്തുക്കൾക്കും ലോകമെമ്പാടുമുള്ള ഇന്ത്യൻ പൈതൃകമുള്ളവർക്കും ഈ ദിവസം നിങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും നന്ദിയും കൂടുതൽ ശോഭനമായ ഒരു ഭാവിക്കായുള്ള പ്രതീക്ഷയും നിറയ്ക്കട്ടെ. ' എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്