സെലിൻ ഡിയോൺ
നാന്‍റർ (ഫ്രാൻസ്): അപൂർവ നാഡീവ്യൂഹ രോഗമായ ‘സ്റ്റിഫ് പേഴ്സൺ സിൻഡ്രോം’ ബാധിച്ചതിന് ശേഷം ആറു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കൊടുവിൽ ആദ്യ സംഗീത പരിപാടിയുമായി തിരിച്ചുവരവ് നടത്തി പോപ് ഗായിക സെലിൻ ഡിയോൺ. ഫ്രാൻസിലെ നാന്‍ററിലെ പ്ലെനിറ്റ്യൂഡ് അരീനയിൽ 30,000 പേർ തിങ്ങിനിറഞ്ഞ വേദിയിൽ 25 ഗാനങ്ങളാണ് 58കാരിയായ ഡിയോൺ ആലപിച്ചത്.
ടൈറ്റാനിക് സിനിമയിലെ തന്‍റെ ഏക്കാലത്തെയും വലിയ ഹിറ്റായ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനവും സെലിൻ ആലപിച്ചു. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ട നിന്നതായിരുന്നു പരിപാടി. 2020 മാർച്ച് എട്ടിന് ശേഷം സെലിൻ ഡിയോൺ അവതരിപ്പിക്കുന്ന ആദ്യ പൂർണ സംഗീത പരിപാടിയാണിത്. മുൻ അമെരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമയും സദസിലുണ്ടായിരുന്നു.
2022ലാണ് സെലിൻ ഡിയോണിന് സ്റ്റിഫ് പേഴ്സൺ സിൻഡ്രോം സ്ഥിരീകരിച്ചത്. രോഗം തൊണ്ടയുൾപ്പെടെയുള്ള പേശികളെ ബാധിക്കുകയും പേശികൾക്ക് കടുത്ത മുറുക്കവും നിയന്ത്രിക്കാനാകാത്ത സങ്കോചങ്ങളും ഉണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്ന് സെലിൻ ഡിയോൺ ലോകപര്യടനം റദ്ദാക്കുകയും പൊതുവേദികളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്തു.
നിലവിൽ പുരോഗമിക്കുന്ന സംഗീത പര്യടനത്തിൽ 16 പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2027 മേയിൽ 10 പരിപാടികൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. “സ്റ്റിഫ് പേഴ്സൺ സിൻഡ്രോം ബാധിച്ച ഒരാൾക്ക് പാടുന്നത് ശ്വാസംമുട്ടിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്”- എന്നായിരുന്നു 2024ൽ എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ സെലിന്‍റെ ഡിയോണിന്‍റെ വാക്കുകൾ.