യുക്രെയ്ന് ടോമാഹോക്ക് മിസൈലുകൾ നൽകാൻ ട്രംപ്

 

credit: Reuters

World

യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്കെതിരെ യുക്രെയ്ന് ടോമാഹോക്ക് മിസൈലുകൾ നൽകാൻ ട്രംപ്

അമെരിക്കയുടെ ദീർഘദൂര ക്രൂയിസ് മിസൈലുകൾ ആണ് ടോമാഹോക്ക് മിസൈലുകൾ

Reena Varghese

കീവിന് ടോമാഹോക്ക് മിസൈലുകൾ നൽകുന്നത് പരിഗണിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമെരിക്കയുടെ ദീർഘദൂര ക്രൂയിസ് മിസൈലുകൾ ആണ് ടോമാഹോക്ക് മിസൈലുകൾ. ഇവ ലഭിച്ചാൽ യുക്രെയ്ന് റഷ്യയുടെ ഉൾപ്രദേശങ്ങളിലേയ്ക്ക് കയറി കനത്ത ആക്രമണം നടത്താൻ സാധിക്കും.

ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകർ കീവിനു ടോമാഹോക്കുകൾ നൽകുമോ എന്ന് ട്രംപിനോട് ചോദിച്ചപ്പോഴാണ് തനിക്ക് അത് കഴിയുമെന്നും റഷ്യയുമായുള്ള യുക്രെയ്നിന്‍റെ യുദ്ധത്തിൽ മിസൈലുകൾ ആക്രമണത്തിന്‍റെ ഒരു പുതിയ ചുവടു വയ്പ് ആയിരിക്കുമെന്നും പറഞ്ഞത്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണങ്ങൾ നടത്താൻ ശക്തമായ സൈനിക ശേഷികൾക്കായി ട്രംപും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയും തമ്മിൽ വാരാന്ത്യത്തിൽ നടത്തിയ ഒരു ഫോൺകോളിനെ തുടർന്നാണ് ഈ അഭിപ്രായങ്ങൾ.

യുക്രെയ്ന് ദീർഘ ദൂര മിസൈലുകൾ നൽകുന്നതിനെതിരെ മുമ്പ് മോസ്കോ വാഷിങ്ടണിനു മുന്നറിയിപ്പു നൽകിയിരുന്നു. യുഎസ്-റഷ്യ ബന്ധങ്ങൾ ശിഥിലമാകുന്നതിന് അതു കാരണമാകും എന്നും റഷ്യ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ട്രംപ് മോസ്കോയുമായി അത്ര നല്ല ബന്ധത്തിലല്ല.

2500 കിലോമീറ്റർ പ്രഹരശേഷിയുള്ളവയാണ് ടോമാഹോക്ക് മിസൈലുകൾ. ഇതു യുക്രെയ്നു ലഭിച്ചാൽ മോസ്കോയെ നേരിട്ട് ആക്രമിക്കാൻ യുക്രെയ്നു സാധിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ടോമാഹോക്ക് മിസൈലുകൾ യുക്രെയ്നു നൽകുന്നതാണ് നല്ലതെന്നാണ് ട്രംപ് പറയുന്നത്. യുക്രെയ്ന് ടോമാഹോക്ക് നൽകാതിരിക്കണമെങ്കിൽ റഷ്യ യുക്രെയ്നെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കുക തന്നെ വേണം. താൻ അത് റഷ്യയോടു പറഞ്ഞേക്കാം എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ടോമാഹോക്കുകൾ റഷ്യയിലേയ്ക്ക് എത്താൻ അവർ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ടോമാഹോക്കുകൾ യുക്രെയ്ന് നൽകുന്ന ചർച്ച വന്നപ്പോൾ പുച്ഛിച്ചു തള്ളിയ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇത്തവണ ട്രംപിന്‍റെ ഈ മുന്നറിയിപ്പിൽ ആശങ്ക പ്രകടിപ്പിച്ചു.

ടോമാഹോക്കുകളെ കുറിച്ചുള്ള വിഷയം റഷ്യയ്ക്ക് അങ്ങേയറ്റം ആശങ്കാ ജനകമാണ് എന്നാണ് ഇത്തവണ പെസ്കോവ് പ്രതികരിച്ചത്. റഷ്യയ്ക്ക് ഇപ്പോൾ എല്ലാ വശത്തു നിന്നും പിരിമുറുക്കങ്ങൾ വർ‌ധിക്കുകയാണെന്നും റഷ്യയിൽ ടോമാഹോക്കുകൾ വിക്ഷേപിച്ചാൽ അവർ ആണവ പോർമുനകൾ വഹിക്കുന്നുണ്ടോ എന്ന് മോസ്കോയ്ക്ക് കണ്ടെത്താനാകില്ലെന്നും പെസ്കോവ് ആശങ്ക പ്രകടിപ്പിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്