ഒട്ടാവ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ള ലോക നേതാക്കളിൽ ഒരാൾ തന്നെയാണ് കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ. കാരണം, ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അവസ്ഥയിലെത്തിയത് ട്രൂഡോയുടെ ഭരണകാലത്താണ്. അദ്ദേഹത്തിന്‍റെ രാജിയിൽ രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഒരുപാട് ഇന്ത്യക്കാരും സന്തോഷിച്ചിട്ടുണ്ടാകും. എന്നാൽ, ക്യാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര ശുഭസൂചനയല്ല ട്രൂഡോയുടെ പടിയിറക്കം.
പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിക്കുള്ളിൽനിന്നു പോലും ട്രൂഡോയോടുള്ള എതിർപ്പ് ഇത്രയധികം രൂക്ഷമാകാൻ ഒരു കാരണം അദ്ദേഹത്തിന്‍റെ ഉദാരമായ കുടിയേറ്റ നയമായിരുന്നു എന്നതൊരു വസ്തുതയാണ്. പത്ത് വർഷത്തെ ലിബറൽ പാർട്ടി ഭരണത്തിനു ശേഷം കൺസർവേറ്റീവ് നേതാവ് പിയറി പോയ്ലീവർ കനേഡിയൻ പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. ഭരണം കിട്ടിയാൽ ട്രൂഡോയുടെ കുടിയേറ്റം നയം പൊളിച്ചെഴുതുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച നേതാവാണ് പോയ്ലീവർ.
വിദേശ കുടിയേറ്റം ആഗ്രഹിക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾ ആഘോഷിച്ച ഇമിഗ്രേഷൻ നയമായിരുന്നു ട്രൂഡോയുടേത്. 2025 ആകുമ്പോഴേക്കും വിദേശികൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം പെർമനന്‍റ് റെസിഡൻസ് പെർമിറ്റുകൾ അനുവദിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ അദ്ദേഹം നടപ്പാക്കിയ കുടിയേറ്റ നയം ഫലപ്രാപ്തിയിലേക്ക് അടുക്കുകയുമായിരുന്നു. രാജ്യത്തെ വിവിധ മേഖലകൾ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം, രാജ്യത്തെ പ്രായമേറുന്ന ജനസംഖ്യ എന്നിങ്ങനെയുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ കുടിയേറ്റം ഉദാരമാക്കുക മാത്രമാണ് മാർഗം എന്നതായിരുന്നു ട്രൂഡോയുടെ നിലപാട്.
എന്നാൽ, ലിബറൽ പാർട്ടി സർക്കാരിനു കീഴിൽ കുടിയേറ്റം നിയന്ത്രണാതീതമായെന്നും, രാജ്യത്തിന്‍റെ ഹൗസിങ്ങും ഹെൽത്ത് കെയറും അടക്കമുള്ള പൊതു സേവനങ്ങളിൽ സമ്മർദം വർധിക്കാൻ ഇതിടയാക്കിയെന്നും വിമർശകർ വാദിക്കുന്നു. ക്യാനഡയിലേക്ക് കുടിയേറിയവർ പോലും ഇനി കുടിയേറ്റം നിയന്ത്രിക്കണമെന്നു പറഞ്ഞു തുടങ്ങി.
ട്രൂഡോയുടെ കുടിയേറ്റ നയം ക്യാനഡയുടെ ഇമിഗ്രേഷൻ സിസ്റ്റം തന്നെ തകരാറിലാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് പിയറി പോയ്ലീവർ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ നിയന്ത്രണം നടപ്പാക്കുമെന്നാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നത്. ഹൗസിങ്, ഹെൽത്ത് കെയർ, തൊഴിൽ മേഖലകളിലെ ലഭ്യത അനുസരിച്ച് കുടിയേറ്റത്തിന് ക്വോട്ട സംവിധാനം ഏർപ്പെടുത്താനാണ് പോയ്ലീവർ ആലോചിക്കുന്നത്.