യുദ്ധം അവസാനിച്ചു, സമാധാന കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് ട്രംപ്; ഒന്നും തീരുമാനമായിട്ടില്ലെന്ന് ഇറാൻ
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും ഈ ആഴ്ച അവസാനത്തോടെ യൂറോപ്പിൽ വച്ച് സമാധാന കരാറിൽ ഒപ്പു വയ്ക്കുമെന്നും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമാധാന കരാർ രൂപീകരണം അതിന്‍റെ അവസാന ഘട്ടത്തിലാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് സമാധാന കരാർ ഒപ്പിടുന്നതിന് സാക്ഷിയാകും. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്റിൻ, കുവൈറ്റ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായെല്ലാം താൻ ചർച്ച നടത്തി കഴിഞ്ഞു. ആണവായുദ്ധം കൈവശം വയ്ക്കില്ലെന്ന് ഇറാൻ ഉറപ്പു നൽകി കഴിഞ്ഞു. അതു തന്നെയായിരുന്നു യുദ്ധത്തിന്‍റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരേ ശക്തമായ സൈനിക നടപടികളാണ് വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം നിലപാട് മാറ്റി. സമാധാന ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകുന്നതിന്‍റെ ഭാഗമായി സൈനിക നടപടികൾ നിർത്തി വച്ചു. ഇറാൻ ആണവായുധങ്ങൾ വാങ്ങുകയോ നിർമിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് ട്രംപിന്‍റെ അവകാശവാദം.
എന്നാൽ ഇക്കാര്യത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. സമാധാന കരാർ നടപ്പിലാക്കുന്നതിനു വേണ്ടി യുഎസ് നിരന്തരം അഭ്യർഥിക്കുന്നുണ്ടെന്നും എന്നാൽ ഇറാൻ ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വക്താവ് ഇസ്മയിൽ ബാഗ്ചി പറയുന്നു.