ഖാൻ യൂനിസ്: യുഎസും ഇസ്രയേലും സ്വരം കടുപ്പിച്ചതോടെ മൂന്നു ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മറുപടിയായി ഇസ്രയേൽ തടവുകാരെ മോചിപ്പിക്കുന്ന നടപടി തുടങ്ങി. 369 തടവുകാരെയാകും മോചിപ്പിക്കുക. 2023 ഒക്റ്റോബർ ഏഴു മുതൽ ഹമാസിന്‍റെ തടവിലായിരുന്ന അർജന്‍റീന, റഷ്യ, യുഎസ് പൗരന്മാരെയാണു മോചിപ്പിച്ചത്. മൂന്നു പേർക്കും ഇസ്രേലി പൗരത്വവുമുണ്ട്. ക്ഷീണിച്ച്, വിളറിയ അവസ്ഥയിലാണു ഹമാസിന്‍റെ തടവറയിൽ നിന്നു പുറത്തുവന്നവർ കാണപ്പെട്ടത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച മോചിപ്പിക്കപ്പെട്ടവരെക്കാൾ ഭേദപ്പെട്ട ആരോഗ്യാവസ്ഥയിലാണ്.
വെടിനിർത്തൽ കരാർ നാലാഴ്ചയെത്തിയതിനൊപ്പം യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു ഗാസയിൽ. ഇസ്രയേൽ കരാർ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഹമാസ് ബന്ദിമോചനം വൈകിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയർന്നത്. ഗാസയിൽ നിന്നു പലസ്തീനികളെ ഒഴിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദേശം പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.
എന്നാൽ, ബന്ദിമോചനം നീണ്ടുപോയാൽ ആക്രമണം തുടങ്ങുമെന്ന് ഇസ്രയേലും ഇതിനെ പിന്തുണച്ച് യുഎസും രംഗത്തെത്തിയതോടെ ഹമാസ് നിലപാട് മാറ്റി. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തലിനുശേഷം ഇതുവരെ 24 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 730ലേറെ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, കൂടാരങ്ങൾ, ഇന്ധനം, ചികിത്സയ്ക്കാവശ്യമായ സാമഗ്രികൾ എന്നിവ ഗാസയിലെത്തുന്നത് ഇസ്രയേൽ വൈകിപ്പിക്കുന്നെന്നാണ് ഹമാസിന്‍റെ ആരോപണം.