വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഡോണൾഡ് ട്രംപ് ഭരണകൂടം തിരിച്ചയച്ച രീതിക്കെതിരേ പ്രതിഷേധം കനക്കുന്നു. മനുഷ്യത്വരഹിതമായാണ് ട്രംപ് ഭരണകൂടം കുടിയേറ്റക്കാരോട് പെരുമാറിയതെന്നാണ് ആരോപണം. ബ്രസീലിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് അധികാരമേറ്റയുടനെ ട്രംപ് ഭരണകൂടം നാട്ടിലേക്ക് തിരിച്ചയച്ചത്. ഇവരെ കൈവിലങ്ങുകൾ ധരിപ്പിച്ചതിനു പുറകേ കാലുകളിലും ചങ്ങലയിട്ട് ബന്ധിപ്പിച്ചിരുന്നുവെന്നും എസി പോലുമില്ലാത്ത വിമാനത്തിലാണ് തിരിച്ചയച്ചതെന്നുമാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
കുടിവെള്ളം പോലും നൽകിയില്ലെന്നും ശുചിമുറിയിൽ പോകാൻ അനുവദിച്ചില്ലെന്നും കുടിയേറ്റക്കാർ ആരോപിക്കുന്നു. 88 ബ്രസീൽ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. ബ്രസീൽ ഭരണകൂടം ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും എത്രയും പെട്ടെന്ന് കൈവിലങ്ങുകൾ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.
വിമാനത്തിൽ കടുത്ത ചൂടു മൂലം പലരും ബോധരഹിതരായി നിലം പതിച്ചിരുന്നു.
വിഷയത്തിൽ അമെരിക്കയോട് ബ്രസീൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലാണ് എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വന്നത്. പലർക്കും ശ്വാസതടസം അനുഭവപ്പെട്ടുവെന്നും കുടിയേറ്റക്കാർ ആരോപിച്ചു.