ദുബായ് മെട്രൊ ബ്ലൂ ലൈൻ: ആദ്യസ്റ്റേഷന് തറക്കല്ലിട്ട് യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്
ദുബായ്: ദുബായ് മെട്രൊ ബ്ലൂ ലൈനിലെ ആദ്യസ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തറക്കല്ലിട്ടു. തന്‍റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഈ വിവരം അറിയിച്ചത്. 56 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കുന്ന ബ്ലൂലൈൻ 30 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. ഇതിൽ 15.5 കിലോമീറ്റർ പാത ഭൂമിക്കടിയിലൂടെയും 14.5 കിലോമീറ്റർ പാത ഭൂമിക്ക് മുകളിലൂടെയുമാണ് നിർമ്മിക്കുക.
ഇതോടെ ദുബായ് മെട്രൊയുടെ മൊത്തം ദൈർഘ്യം 131 കിലോമീറ്ററായും സ്റ്റേഷനുകളുടെ എണ്ണം 78 ആയും വർദ്ധിക്കും. 14 സ്റ്റേഷനുകൾ ഉള്ള ബ്ലൂ ലൈൻ ദുബായ് ഇന്‍റർനാഷണൽ സിറ്റി സ്റ്റേഷൻ 1, ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിലെ സെന്‍റർപോയിന്‍റ് സ്റ്റേഷൻ, എന്നിവയുമായി ബന്ധിപ്പിക്കും. ദുബായ് ക്രീക്ക് ഹാർബറിലെ ഐകോണിക് സ്റ്റേഷനും ഈ ലൈനിന്‍റെ ഭാഗമായിരിക്കും.
ദുബായിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുമെന്നും ലോകത്തിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാക്കി ദുബായെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.