അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിനിടെ മക്കളായ മേയ്സം, മസൂദ്, മുസ്തഫ എന്നിവര്‍ പങ്കെടുത്തപ്പോള്‍.
ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ പുണ്യനഗരമായ മഷ്ഹാദിലുള്ള ഇമാം റെസ ആരാധനാലയത്തിനു സമീപം വ്യാഴാഴ്ച സംസ്‌കരിക്കും. ജൂലൈ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല മോസ്‌ക്കില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനത്തിനു ശേഷം തിങ്കളാഴ്ച വിശുദ്ധ നഗരമായ കോമിലെ ജംകരന്‍ പള്ളിയിലേക്കും തുടര്‍ന്ന് ഇറാഖിലെ നജഫിലേക്കും ഖമനേയിയുടെ ഭൗതികശരീരം വിലാപയാത്രയായി കൊണ്ടുപോയി.
ലക്ഷക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. അന്താരാഷ്‌ട്ര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിന്‍റെ കണക്ക്പ്രകാരം 1 കോടി 20 ലക്ഷം പേര്‍ ഇതിനോടകം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തെന്നാണ്. ഖമനേയിയുടെ ഭൗതികശരീരവുമായി നടന്ന വിലാപയാത്രയിലും അതിനു മുമ്പ് ടെഹ്‌റാനില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ വമ്പന്‍ ജനാവലിയിലൂടെ ഇറാന്‍ ലോകത്തിന് മുമ്പില്‍ പ്രകടമാക്കിയത് അവരുടെ ശക്തി കൂടിയാണ്. 36 വര്‍ഷം ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയെ അട്ടിമറിക്കാന്‍ ശ്രമിച്ച അമെരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ക്കുള്ള മറുപടി കൂടിയായി ഖമനേയിയുടെ സംസ്‌കാര ചടങ്ങ് മാറി.
കര്‍ണാടകയിലെ ഗ്രാമം അയച്ചത് 100 പേരെ
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക ശവസംസ്‌കാര ചടങ്ങില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. കര്‍ണാടകയിലെ അലിപുര ഗ്രാമത്തിലെ 100 പേരടങ്ങുന്ന ഒരു സംഘവും ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഖമനേയിയുമായുള്ള വ്യക്തിപരമായ ബന്ധമാണ് ഈ 100 പേരെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇവരില്‍ പലരും നിലവില്‍ ഇറാനില്‍ താമസിക്കുന്നവരാണ്. മതപണ്ഡിതര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഡോക്റ്റര്‍മാര്‍, ബിസിനസുകാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍. ഇറാനില്‍ താമസിക്കാത്ത മറ്റ് അലിപുര ഗ്രാമവാസികള്‍ ജൂലൈ 5ന് ചാര്‍ട്ടര്‍ ചെയ്ത ഇറാന്‍ എയര്‍ വിമാനത്തില്‍ ടെഹ്‌റാനിലേക്ക് മുംബൈ, ബംഗ്‌ളൂരു എന്നിവിടങ്ങളില്‍ നിന്ന് പറന്നു.
ജനസംഖ്യയില്‍ ഏതാണ്ട് പൂര്‍ണമായും ഷിയാ വിഭാഗക്കാര്‍ മാത്രമുള്ള അലിപുര ഗ്രാമം 1980കളില്‍ ഖമനേയി സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ നിര്‍മിച്ച 'ഇമാം ഖൊമേനി ഹോസ്പിറ്റല്‍' ഖമനേയി നേരിട്ട് ഉദ്ഘാടനം ചെയ്തതോടെ ഗ്രാമവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. ഗ്രാമത്തിലെ മിക്കവര്‍ക്കും ഖമനേയി കേവലം ഒരു രാഷ്‌ട്രീയ വ്യക്തിത്വമായിരുന്നില്ല മറിച്ച്, തങ്ങളുടെ തെരുവുകളിലേക്ക് ചരിത്രപ്രധാനമായ ഒരു സന്ദര്‍ശനം നടത്തിയ ഒരു 'മതഗുരു' കൂടിയായിരുന്നു.