ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്സർ
ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടിഷ് രാജകുടുംബാംഗവും ചാൾസ് രാജാവിന്‍റെ സഹോദരനുമായ ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്സർ അറസ്റ്റിൽ. ട്രേഡ് എൻവോയ് ആയിരുന്ന സമയത്ത് പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ കൃത്യമായ വിലയിരുത്തലുകൾക്കു ശേഷമാണ് തെംസ് വാലി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സാൻഡ്രിങ്ഹാം എസ്റ്റേറ്റിലെ വീട്ടിൽ നിന്നാണ് ആൻഡ്രുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 2010ൽ ആൻഡ്രൂ ട്രേഡ് റിപ്പോർട്ടുകൾ എപ്സ്റ്റീന് അയച്ചിരുന്നതായാണ് ആരോപണം. വിയറ്റ്നാം, ഹോങ്കോങ് സന്ദർശനങ്ങൾക്കിടെ നിരവധി വിവരങ്ങൾ കൈമാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. എപ്സ്റ്റീൻ ഫയലുകളിൽ അൻഡ്രൂവിനെതിരേ നിരവധി ലൈംഗികാരോപണ പരാമർസങ്ങളുണ്ട്.
എപ്സ്റ്റീൻ ഫയലുകളിൽ ആൻഡ്രുവിന്‍റെ മോശം ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. നിലത്തു കിടക്കുന്ന ഒരു പെൺകുട്ടിയെ സ്പർശിച്ചു കൊണ്ടിരിക്കുന്ന ആൻഡ്രുവിന്‍റെ ചിത്രം പുറത്തു വന്നിരുന്നു.
എപ്സ്റ്റീൻ ഫയലിൽ പേര് വന്നതിനു പിന്നാലെ രാജകുടുംബത്തെ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് 65കാരനായ ആൻഡ്രു രാജകീയ പദവികൾ എല്ലാം ഉപേക്ഷിച്ചത്. രാജകുടുംബത്തിലെ പ്രമുഖരുമായി ആലോചിച്ച ശേഷമായിരുന്നു തീരുമാനം. യോർക്ക് പ്രഭു എന്ന പദവി നഷ്ടപ്പെട്ടെങ്കിലും എലിസബത്ത് രാജ്ഞിയുടെ മകൻ എന്ന നിലയിൽ ആൻഡ്രു രാജകുമാരൻ എന്നു തന്നെ അറിയപ്പെടും. ആൻഡ്രുവിന്‍റെ മക്കളായ ബിയാട്രീസിനും യൂജിനിനും രാജകുമാരിമാർ എന്ന പദവിയും ഉണ്ട്.