യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് എയോവിന്‍ കൊടുങ്കാറ്റ്. ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ കൊല്ലപ്പെട്ടു.കൂടുതൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.വൈദ്യുതി, ഗതാഗതം മൊബൈല്‍ നെറ്റ് വര്‍ക്കുകൾ എന്നിവയെല്ലാം തകരാറിലാണ് ഇവിടങ്ങളിൽ.
ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാര്‍ക് സ്റ്റേഡിയത്തിനു കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ചിമ്മിനി തകര്‍ന്നു വീണെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മാത്രം 1800ല്‍ അധികം മരങ്ങളും മറ്റു വസ്തുക്കളും വീണ് ഗതാഗതം തടസപ്പെട്ടു.
സ്‌കോട്ലന്‍ഡിലെ ഫോര്‍ത്ത് വാലി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാകാന്‍ വൈകി. ഇത് രോഗികളെ പരിഭ്രാന്തരാക്കി.
അയര്‍ലന്‍ഡിലെ ഡൊണെഗള്‍ കൗണ്ടിയിലെ റാഫോയിലാണ് മരം വാഹനത്തിനു മുകളിലേയ്ക്കു വീണ് ആളപായം ഉണ്ടായത്. യുകെയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
സ്‌കോട് ലന്‍ഡില്‍ എല്ലാ ട്രെയിന്‍ സര്‍വീസുകളും റെഡ് അലര്‍ട്ടിനെ തുടര്‍ന്നു സേവനം അവസാനിപ്പിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്‌കൂളുകള്‍ അടച്ചിട്ടു. അതേ സമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മിക്ക സ്‌കൂളുകളും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.