ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാന്‍; താക്കീത് നൽകി യുഎസ് representative image
World

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാന്‍; താക്കീത് നൽകി യുഎസ്

ഇസ്രേലി സേന ലെബനൻ അതിർത്തി കടന്നു

ജറൂസലം: ഇസ്രയേലിനെതിരേ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസും നിരന്നതോടെ പശ്ചിമേഷ്യയൊന്നാകെ യുദ്ധഭീതിയിലേക്ക്. ലെബനനിൽ കരസേനാ നീക്കം തുടങ്ങിയതിനു പിന്നാലെ ഇസ്രയേലിനെതിരേ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന് യുഎസ് ഇന്‍റലിജൻസാണു വെളിപ്പെടുത്തിയത്. ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പു നൽകി. തങ്ങൾക്ക് എത്തിപ്പിടിക്കാനാവാത്ത ഇടമല്ല ഇറാനെന്ന് കഴിഞ്ഞ ദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ, പെട്ടെന്നൊരു ആക്രമണത്തിനു പദ്ധതിയില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചില്ല. കഴിഞ്ഞ ഏപ്രിലിൽ ഇസ്രയേലിലേക്ക് ഇറാൻ നിരവധി പ്രൊജക്റ്റൈലുകൾ തൊടുത്തെങ്കിലും യുഎസ് സഖ്യം ഇവയെ ആകാശത്തു തന്നെ ഇവയെ പ്രതിരോധിച്ചു. അവശേഷിച്ചവയും ലക്ഷ്യത്തിലെത്തിയിരുന്നില്ല. ഇതുവരെ ഇറാനിൽ നിന്ന് ആക്രമണമുണ്ടായിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു. ഇസ്രയേലിനുവേണ്ടി പ്രതിരോധം തീർക്കുമെന്നു യുഎസും വ്യക്തമാക്കി.

ഇറാന്‍റെ ആക്രമണം പ്രതിരോധിക്കാൻ യുഎസ് നേരത്തേ തന്നെ മേഖലയിൽ യുദ്ധക്കപ്പലുകളും പോർ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. മെഡിറ്ററേനിയൻ കടലിൽ യുഎസ് നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട മൂന്നു പടക്കപ്പലുകൾ മാസങ്ങളായി പരിശീലനം നടത്തുന്നു. ഒമാൻ ഉൾക്കടലിൽ ഒരു വിമാനവാഹിനിയും പോർവിമാനങ്ങളും യുഎസ് സേനാ നിർദേശം കാത്തു കഴിയുന്നു.

അതേസമയം, ഇന്നലെ ലെബനൻ അതിർത്തി കടന്ന ഇസ്രേലി കരസേന ഇരുപത്തഞ്ചോളം ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെ അവാലി നദിവരെയുള്ള പ്രദേശത്തു നിന്ന് എല്ലാവരും ഒഴിഞ്ഞുപോകാൻ ഇസ്രയേലിന്‍റെ നിർദേശം. 2006നുശേഷം ഇതാദ്യമാണ് ഇസ്രേലി സൈന്യം ലെബനൻ അതിർത്തി കടക്കുന്നത്. ഹിസ്ബുള്ളയുടെ തുരങ്കങ്ങളിലും ആയുധങ്ങൾ സൂക്ഷിച്ചുവച്ച വീടുകളിലും സൈനികർ പരിശോധന നടത്തുന്നതിന്‍റെ വിഡിയൊ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു.

അമീബിക് മസ്തിഷ്ക ജ്വരം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി