തായ്‌ലാൻഡിലെ പട്ടായയ്ക്ക് സമീപത്തെ ലേം ചബാങ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ
പട്ടായ: പശ്ചിമേഷ്യയിലെ ദീർഘവും കഠിനവുമായ ദൗത്യത്തിന് ശേഷം യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്‌ലാൻഡിൽ എത്തി. ബുധനാഴ്ച പുലർച്ചെ പട്ടായയ്ക്ക് സമീപത്തെ ലേം ചബാങ് തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. 5000ത്തോളം സൈനികരാണ് കപ്പലിലുള്ളത്.
250ലധികം ദിവസം കടലിൽ കഴിഞ്ഞ് റെക്കോർഡിട്ട ശേഷമാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ കരയിൽ എത്തുന്നത്. ദീർഘകാലം കടലിൽ കഴിഞ്ഞതോടെ സൈനികരുടെ മാനസികാരോഗ്യം മോശമാകുന്നതായും ഭക്ഷണം, ശുചിത്വ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിശ്രമത്തിനായി തായ്‌ലാൻഡിലേക്ക് എത്തിയത്.
തുറമുഖത്തിന് സമീപത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിലേക്ക് സൈനികർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി പട്ടായയിലെ ലൈംഗിക തൊഴിലാളികളെ തായ്‌ലാൻഡ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. എത്ര ദിവസമാണ് കപ്പൽ തായ്‌ലാൻഡിൽ തങ്ങുകയെന്ന വിവരം പുറത്തുവന്നിട്ടില്ല. വിശ്രമത്തിന് ശേഷം കപ്പൽ യുഎസിലേക്ക് മടങ്ങും.
യുഎസ് സൈനികരുടെ സന്ദർശനത്തെ പട്ടായ അധികൃതർ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഉണർവേകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സുഗമമായി സന്ദർശനം നടത്തുന്നതിനായി സുരക്ഷ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.