Donald Trump

 

file image

World

ഗൾഫിൽ ആശ്വാസം? ആക്രമണം ഭാഗികമായി നിർത്തി, ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്

അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു

MV Desk

ഗൾഫ് രാജ്യങ്ങളെ ആകെ ബാധിച്ചിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ താത്കാലിക ആശ്വാസം. അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി യുഎസ് നടത്തിയ ക്രിയാത്മക ചർച്ചകളിലെ പുരോഗതി കണക്കിലെടുത്താണ് തീരുമാനമെന്നും വിശദീകരണം.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കടത്തും പെട്രോളിയം നീക്കവും സുഗമമായി നടക്കണമെന്നും ഇറാൻ അതു തടയുന്നത് 48 മണിക്കൂറിനുള്ളിൽ നിർത്തിവയ്ക്കണമെന്നും അന്ത്യശാസനം നൽകിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിതമായി അഞ്ച് ദിവസത്തേക്ക് ഭാഗിക വെടിനിർത്തലിനു സമാനമായ പ്രഖ്യാപനം ട്രംപ് നടത്തിയിരിക്കുന്നത്‌.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സുഗമമാക്കാൻ ഒമാന്‍റെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തടസപ്പെടുത്തുന്നതിനോട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റ് സംഘർഷം സംബന്ധിച്ച് മോദി ഇന്ത്യൻ പാർലമെന്‍റിൽ പ്രസ്താവനയും നടത്തിയതിനു ശേഷമാണ് പുതിയ പുരോഗതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രശ്നത്തിന് സമാധാനപരമായ നയതന്ത്ര പരിഹാരം ഉറപ്പാക്കാൻ ഇന്ത്യയും വിവിധ ഗൾഫ് രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരുന്നുണ്ട്. ഇറാനിൽ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളും അതിന് ഇറാൻ നൽകുന്ന തിരിച്ചടികളും കാരണം ഇന്ത്യയിലും പെട്രോളിയം ലഭ്യത കുറഞ്ഞു വരുകയാണ്. മേഖലയിൽ ജോലി ചെയ്യുന്നത് പത്ത് കോടിയോളം ഇന്ത്യക്കാരു‌ടെ സുരക്ഷയും ആശങ്കയിലായിരിക്കെയാണ് ആശ്വാസമായി പുതിയ വാർത്ത.

ഭുവനേശ്വറിന്‍റെ മാന്ത്രിക ബൗളിങ്ങിൽ മുംബൈ ബാറ്റിങ് നിര തകർന്നു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ