റഷ്യ-യുക്രെയ്ൻ സമാധാന കരാർ വൈകും
file photo
വാഷിങ്ടൺ: റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന കരാർ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകും. മുമ്പ് മാർച്ചോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ നടപ്പാക്കുമെന്നായിരുന്നു പുറത്തു വന്ന സൂചനകൾ. അമെരിക്ക മുൻ കൈ എടുത്ത് നടത്തിയ ചർച്ചയിൽ ഇക്കാര്യമായിരുന്നു മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ഭൂപ്രദേശങ്ങൾ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ഈ സമയപരിധി നീളാനാണ് സാധ്യതയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. സമാധാന കരാർ സംബന്ധിച്ച് യുക്രെയ്നിൽ ജനങ്ങൾക്കിടെ ഹിതപരിശോധനയും ഒപ്പം രാജ്യത്തു പൊതു തെരഞ്ഞെടുപ്പും നടത്താനാണ് ലക്ഷ്യമിടുന്നത്.
യുക്രെയ്നിൽ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് അനുകൂലമായ നിലപാടാണ് അമെരിക്കയ്ക്കും ഉള്ളത്. വോട്ടെടുപ്പ് വേഗം നടത്തുന്നതാണ് നല്ലതെന്ന് സ്റ്റീവ് വിറ്റ്കോഫ് യുക്രെയ്നെ അറിയിച്ചു. 314 യുദ്ധത്തടവുകാരെ മോചിപ്പിക്കാനും ചർച്ചകൾ തുടരാനും ഇരുപക്ഷവും തീരുമാനിച്ചു. അടുത്ത ത്രികക്ഷി ചർച്ച യുഎസിൽ വച്ച് നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താൻ ആറുമാസമെങ്കിലും വേണമെന്നു പറയുന്ന യുക്രെയ്ന്‍ യുഎസിൽ നിന്നു സുരക്ഷാ ഉറപ്പുകൾ ലഭിക്കാതെ കരാറിന് തയാറല്ലെന്നും വ്യക്തമാക്കി.