ജെയ്‌ഷെ മുഹമ്മദിന്റെ മൻസേറ റാലി

 

Photograph: (X)

World

ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് പേരു മാറ്റി: ഇനി മുതൽ അൽ മുറാബിത്തൂൻ

ഈ വരുന്ന സെപ്റ്റംബർ 25ന് പാക്കിസ്ഥാനിലെ പെഷവാറിൽ ഒരു റാലി നടത്താനുള്ള ഒരുക്കത്തിലാണ് ഈ ഭീകര സംഘടന എന്ന് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസി

ഇസ്ലാമബാദ്: ഇന്ത്യയ്ക്കെതിരേ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുള്ള പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ഈ സംഘടന ഇനി മുതൽ അൽ-മുറാബിത്തൂൻ എന്ന പേരിലാകും അറിയപ്പെടുക എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസിയാണ്. ജെയ്ഷെ സ്ഥാപക നേതാവ് മസൂദ് അസറിന്‍റെ സഹോദരൻ യൂസഫ് അസറിന്‍റെ അനുസ്മരണച്ചടങ്ങിൽ സംഘടനയുടെ പുതിയ പേര് പ്രഖ്യാപിക്കുമെന്ന് ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ലാമിന്‍റെ സംരക്ഷകൻ എന്നാണ് അറബിയിൽ അൽ-മുറാബിത്തൂൻ എന്ന വാക്കിന്‍റെ അർഥം.

ഇന്ത്യൻ പാർലമെന്‍റ് ആക്രമണം, മുംബൈ ഭീകരാക്രമണം, ജമ്മു കശ്മീരിലെ ഉറിയിലും പുൽവാമയിലും സൈന്യത്തിനു നേരെയുണ്ടായ ആക്രമണങ്ങൾ എന്നിവയെല്ലാം ആസൂത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടപ്പിലായതോടെ കടുത്ത ഉപരോധത്തെ തുടർന്ന് സാമ്പത്തിക സഹായം ലഭിക്കാൻ പ്രതിസന്ധി നേരിടുകയാണ് ജെയ്ഷെ മുഹമ്മദ്. അതാണ് പുതിയ പേരിലേയ്ക്ക് മാറാൻ കാരണമായതെന്ന് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസി വ്യക്തമാക്കുന്നു.

ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ നിരീക്ഷണ സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം ജെയ്ഷെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും കണ്ടെത്തിയിരുന്നു. അൽ-മുറാബിത്തൂൺ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള പശ്ചിമാഫ്രിക്കയിലെ മറ്റൊരു ഭീകര സംഘടനയുടെ പേരാണ്. ആ പേരാണ് ജെയ്ഷെ മുഹമ്മദ് സ്വീകരിക്കാനൊരുങ്ങുന്നത്. ഈ വരുന്ന സെപ്റ്റംബർ 25ന് പാക്കിസ്ഥാനിലെ പെഷവാറിൽ ഒരു റാലി നടത്താനുള്ള ഒരുക്കത്തിലാണ് ഈ ഭീകര സംഘടന.

അതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ലഘു ലേഖകളും വിതരണം ചെയ്തു തുടങ്ങി. ഇന്ത്യയുടെ ഭീകര വിരുദ്ധ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്‍റെ സഹോദരൻ യൂസഫ് അസറിനെ ആദരിക്കുന്നതിനായി ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസിയുടെ രേഖകൾ പ്രകാരം ഖൈബർ പഖ്തൂൺഖ്വ(കെപികെ) തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടി മുതിർന്ന ജെയ്ഷെ മുഹമ്മദ് നേതാക്കൾ പങ്കെടുത്ത റിക്രൂട്ട്മെന്‍റ് ഡ്രൈവ് ആയി കരുതുന്നു.

ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനത്ത് മസൂദ് അസറിന് നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെടാൻ കാരണമായ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെ തുടർന്നാണ് ഈ റാലി. പാക് പരിശീലനം ലഭിച്ച തീവ്രവാദികൾ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണമാണ് ഓപ്പറേഷൻ സിന്ദൂറിലേയ്ക്ക് വഴി തെളിച്ചതെങ്കിലും യുവാക്കളെ തീവ്രവാദത്തിലേയ്ക്കു നയിക്കുന്നതിനും സത്യങ്ങൾ മറച്ചു വയ്ക്കുന്നതിനുമായുള്ള കഠിന പരിശ്രമമാണ് ലഘുലേഖ വിതരണത്തിലൂടെ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.

കെപികെയിലെ മൻസെഹ്റ ജില്ലയിലെ ഗാർഹി ഹബീബുള്ള പട്ടണത്തിൽ ജെയ്ഷെ മുഹമ്മദിന്‍റെ ഒരു പ്രധാന റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ റാലി. സെപ്റ്റംബർ 14 ന് ദുബായിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനു മണിക്കൂറുകൾക്കു മുമ്പ് നടന്ന റാലിക്ക് നേതൃത്വം നൽകിയത് ഈ ഭീകര സംഘടനയുടെ പ്രവർത്തന പുന:സംഘടനയിലെ പ്രധാന വ്യക്തിയായ അബു മുഹമ്മദ് എന്ന മസൂദ് ഇല്യാസ് കശ്മീരിയാണ്. 2018ൽ ജമ്മുവിലെ സുൻജുവാൻ ആർമി ക്യാംപ് ആക്രമണത്തിന്‍റെ സൂത്രധാരനായ ഇന്ത്യ അന്വേഷിക്കുന്ന ഇയാൾ മസൂദ് അസർ, അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പം ഭീകരാക്രമണത്തിന് എൻ ഐഎയുടെ കുറ്റപത്രത്തിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്.

''ലാൽ, നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്'': മമ്മൂട്ടി

ഹിമാചലിലെ സ്കൂളുകളിൽ മൊബൈൽ ഫോണിന് വിലക്ക്

ഖരഗ്പൂർ ഐഐടിയിൽ വിദ്യാർഥി തൂങ്ങി മരിച്ചു; ഈ വർഷം അഞ്ചാമത്തെ ആത്മഹത്യ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരന് രോഗം സ്ഥിരീകരിച്ചു

വികസന നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ സമിതിയെ പ്രഖ്യാപിച്ചു; ആഗോള അയ്യപ്പ സംഗമത്തിന് സമാപനം