മരിയ കൊറിന മച്ചാഡോ ലിയോ മാർപ്പാപ്പ കൂടിക്കാഴ്ച
social media
വത്തിക്കാൻ സിറ്റി: വെനിസ്വേലൻ പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ആയിരുന്നു കൂടിക്കാഴ്ച. തുടർന്ന് മരിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിനുമായും ചർച്ച നടത്തി. തനിക്ക് ഏറ്റവും അനുഗ്രഹപ്രദമായ സമയം എന്നായിരുന്നു മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മരിയയുടെ പ്രതികരണം.
വെനിസ്വേലയിൽ നടക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാർപ്പാപ്പയ്ക്ക് നന്ദി അറിയിച്ചതായും മച്ചാഡോ പറഞ്ഞു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ഉറച്ചു നിൽക്കുകയും പ്രാർഥനയിൽ തുടരുകയും ചെയ്യുന്ന വെനിസ്വേലൻ ജനതയുടെ ശക്തി മാർപ്പാപ്പയെ അറിയിച്ചതായും തട്ടിക്കൊണ്ടു പോയി കാണാതായ എല്ലാ വെനിസ്വേലക്കാർക്കും വേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതായും മരിയ സമൂഹ മാധ്യമത്തിൽ കുറിച്ചു.