യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്
അബുദാബി: ഇറാനുമായി ബന്ധം സ്ഥാപിക്കേണ്ടത് അനിവാര്യമാണെങ്കിലും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക പ്രയാസകരമായിരിക്കുമെന്ന് യുഎഇ. യുഎസ്-ഇറാൻ യുദ്ധത്തിനിടെ ഉണ്ടായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾക്ക് വീഴ്ച സംഭവിച്ചതായി യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പ്രസ്താവിച്ചു. അബുദാബിയിൽ നടന്ന ‘ഹിലി ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ അക്രമണങ്ങളുടെ വലിയ ആഘാതം നേരിടേണ്ടി വന്നത് ഗൾഫ് രാജ്യങ്ങൾക്കാണ്. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ സിവിലിയൻ മേഖലകളിലും ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ വ്യക്തിഗതമായി ശക്തമായ പ്രതിരോധം തീർത്തുവെങ്കിലും പൊതുവായ ഒരു കൂട്ടായ തന്ത്രം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഗർഗാഷ് ചൂണ്ടിക്കാട്ടി.
ഭൗമശാസ്ത്രപരമായ സാഹചര്യം മുൻ നിർത്തി ഇറാനുമായി സഹകരിക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലെന്ന് അൻവർ ഗർഗാഷ് പറഞ്ഞു. എന്നാൽ ഇറാനുമായി അവശ്യ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതും തകർന്ന വിശ്വാസം തിരിച്ചു പിടിക്കുന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ധങ്ങൾ പുന:സ്ഥാപിക്കേണ്ടത് മേഖലയുടെ ആവശ്യമാണെങ്കിലും തകർന്ന വിശ്വാസ്യത വീണ്ടെടുക്കൽ വളരെ സങ്കീർണവും ഏറെ സമയമെടുക്കുന്നതും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.