ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനത്ത് ദക്ഷിണ കൊറിയയും ജപ്പാനും
getty image
ന്യൂയോർക്ക്: ലോക രാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആദ്യ പത്തിൽ നിന്നും പന്ത്രണ്ടാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ട് അമെരിക്ക. 20 വർഷത്തിനു ശേഷമാണ് അമെരിക്കൻ പാസ്പോർട്ട് ആദ്യ പത്തിനു പുറത്തു പോയത്. ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാമത് സിംഗപ്പൂരും രണ്ടാമത് ദക്ഷിണ കൊറിയയും മൂന്നാമത് ജപ്പാനുമാണ്. 193 രാജ്യങ്ങളിലേയ്ക്ക് വിസ ഇല്ലാതെ എത്താൻ കഴിയുന്ന രാജ്യമെന്നതാണ് സിംഗപ്പൂരിന്‍റെ ശക്തിയായി മാറിയത്. ഈ മാസം പുറത്തിറങ്ങിയ പട്ടിക പ്രകാരം അമെരിക്ക മലേഷ്യയ്ക്കൊപ്പം 12ാംസ്ഥാനത്താണ്.
227 രാജ്യങ്ങളുടെ പട്ടികയിൽ180 രാജ്യങ്ങളിലേയ്ക്കാണ് അമെരിക്കൻ പാസ്പോർട്ടുപയോഗിച്ച് വിസ ഇല്ലാതെ പോകാൻ സാധിക്കുക. ഹെൻലി ആൻഡ് പാർട്ട്നേഴ്സ് ആണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടിന്‍റെ പട്ടിക പുറത്തിറക്കുന്നത്. 36 രാജ്യങ്ങളാണ് അമെരിക്കയ്ക്ക് വിസ രഹിതമായി എത്താനുള്ള അനുമതി നിഷേധിച്ചിട്ടുള്ളത്. പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 85 ആണ്. 57 രാജ്യങ്ങളിലേയ്ക്കാണ് വിസ ഇല്ലാതെ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാവുന്നത്.
2015ൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടൻ എട്ടാം സ്ഥാനത്താണ്. 2015ൽ 94ാം സ്ഥാനത്തുണ്ടായിരുന്ന ചൈന 64ാാം സ്ഥാനത്തെത്തി. പട്ടികയിൽ നേരത്തെ 42ാംസ്ഥാനത്തുണ്ടായിരുന്ന യുഎഇ ആകട്ടെ ഇപ്പോൾ എട്ടാം സ്ഥാനത്തേയ്ക്കു കുതിച്ചുയർന്നു. ഏറ്റവും അവസാന സ്ഥാനത്തുള്ളത് അഫ്ഗാനിസ്ഥാനാണ്. 24 രാജ്യങ്ങൾ മാത്രമേ അഫ്ഗാനിസ്ഥാന് വിസ രഹിത അനുമതി നൽകുന്നുള്ളു.