ഇന്ത്യയുൾപ്പടെ 16 രാജ്യങ്ങൾക്കെതിരെ വ്യാപാര അന്വേഷണവുമായി ട്രംപ്

 

file photo

World

താരിഫ് തോൽവി: പുതിയ നീക്കവുമായി അമെരിക്ക

ഇന്ത്യയുൾപ്പടെ 16 രാജ്യങ്ങൾക്കെതിരെ വ്യാപാര അന്വേഷണവുമായി ട്രംപ്

Reena Varghese

വാഷിങ്ടൺ: തിരിച്ചടി തീരുവയിൽ സുപ്രീം കോടതിയിൽ നിന്നും പരാജയം നേരിട്ടതിനു പിന്നാലെ ഇന്ത്യയുൾപ്പടെ 16 രാജ്യങ്ങൾക്കെതിരേ പുതിയ നീക്കവുമായി അമെരിക്ക. ഇന്ത്യയും ചൈനയും ഉൾപ്പടെ 16 രാജ്യങ്ങൾക്കെതിരേയാണ് അമെരിക്ക വ്യാപാര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

1974ലെ ട്രേഡ് ആക്റ്റിന്‍റെ സെക്ഷൻ 301 പ്രകാരമാണ് അന്വേഷണമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമീസൺ ഗ്രീർ അറിയിച്ചു. തങ്ങളുടെ വിപണിയിലെ ആവശ്യത്തെക്കാൾ കൂടുതൽ ഉൽപന്നങ്ങൾ നിർമിക്കുന്ന രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഉൽപാദന മേഖലയിലെ അമിതശേഷി വഴി കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിലേയ്ക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതു തടയാനാണ് അമെരിക്കയുടെ നീക്കം. അന്വേഷണം നടത്തി ഇങ്ങനെയുള്ള രാജ്യങ്ങൾക്കെതിരേ നികുതി ചുമത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സുപ്രീം കോടതിയുടെ വിധി ഇതിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നത്.

ഇന്ത്യ, ചൈന, ‍യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, തായ് വാൻ, വിയറ്റ്നാം, തായ് ലന്‍ഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സർലണ്ട്, നോർവേ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്.

കഴിഞ്ഞ മാസം ട്രംപിന്‍റെ ഇറക്കുമതി തീരുവ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറി കടക്കാൻ നിയമപരമായ മറ്റു മാർഗങ്ങൾ തേടുകയാണ് വൈറ്റ് ഹൗസ്. ജൂലൈയിൽ നിലവിലുള്ള താൽക്കാലിക തീരുവകളുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 60ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കെതിരേ നിർബന്ധിത തൊഴിൽ (Forced Labour) ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേക അന്വേഷണം നടത്തുമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ഗ്രീർ അറിയിച്ചു.

പാരീസിൽ ചൈനീസ് പ്രതിനിധികളുമായി നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് അമെരിക്കയുടെ ഈ നീക്കം. ഈ മാസം അവസാനം ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പുതിയ നീക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!