കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിനു സമീപം അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തി അമെരിക്കൻ ടൂറിസ്റ്റുകൾ

 

symbolic image

World

അതീവ സുരക്ഷാ മേഖലയിൽ വിദേശ ടൂറിസ്റ്റുകളുടെ ഡ്രോൺ പറത്തൽ: വേണം,എൻഐഎ അന്വേഷണം

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിനു സമീപം അതീവ സുരക്ഷാ മേഖലയിലാണ് അമെരിക്കൻ ടൂറിസ്റ്റുകൾ ഡ്രോൺ പറത്തിയത്.

Reena Varghese

ഐഎൻഎസ് ദ്രോണാചാര്യയ്ക്കും കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിനും സമീപത്തായിട്ടായിരുന്നു യുഎസ് ടൂറിസ്റ്റുകളുടെ ഡ്രോൺ പറത്തൽ

റീന വർഗീസ് കണ്ണിമല

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിനു സമീപം അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തിയതിന് രണ്ടു യുഎസ് വിനോദസഞ്ചാരികൾക്കെതിരേ ഇക്കഴിഞ്ഞ ദിവസം കേരള പൊലീസ് കേസെടുത്തിരുന്നു. അമെരിക്കയിലെ കാലിഫോർണിയയിലെ റെഡ്ഡിങ്ങിൽ നിന്നുള്ള കാറ്റി മിഷേൽ ഫെലിപ്സ് എന്ന മുപ്പത്തിരണ്ടുകാരിയും ക്രിസ്റ്റഫർ റോസ് ഹാർവി എന്ന മുപ്പത്തഞ്ചുകാരനുമാണ് ഡ്രോൺ പറത്തി പൊലീസിന്‍റെ പിടിയിലായത്.

ആകാശ ദൃശ്യങ്ങൾ പകർത്താൻ അനുമതിയില്ലാത്ത കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പ്രവർത്തിപ്പിച്ചതോടെയാണ് ടൂറിസം പൊലീസ് ഇത് ശ്രദ്ധിച്ചതും ഇവർക്കെതിരേ കേസെടുത്തതും. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു ഇത്. ചിൽഡ്രൻസ് പാർക്കിനു സമീപമുള്ള ചാരിയറ്റ് ജംഗ്ഷനു സമീപം ഐഎൻഎസ് ദ്രോണാചാര്യയ്ക്കും കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിനും സമീപത്തായിട്ടാണ് അവർ ഡ്രോൺ പറത്തിയത്.

സുരക്ഷാ കാരണങ്ങളാൽ ഡ്രോൺ പറത്തൽ കർശനമായി നിരോധിച്ചിരിക്കുന്ന നിയുക്ത റെഡ്സോണാണ് ഇത്. ഇന്ത്യയുടെ നാവികസേനയുടെ അതീവ പ്രാധാന്യമുള്ള മേഖലയിൽ അമെരിക്കക്കാരായ രണ്ടുപേർ ഡ്രോൺ പറത്തിയിട്ടും കേവലം കേരള പൊലീസിന്‍റെ അന്വേഷണം കൊണ്ട് അത് അവസാനിപ്പിച്ചാൽ രാജ്യമെമ്പാടും നുഴഞ്ഞു കയറിയിരിക്കുന്ന അമെരിക്കൻ ചാരന്മാരെ നമ്മൾ സഹായിക്കുന്നതിനു കാരണമായേക്കാം.

വിനോദസഞ്ചാരികൾ കൂടുതലുള്ള തീരദേശ മേഖലയിലെ അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തൽ ഇടയ്ക്കു നടക്കാറുണ്ടെന്നാണ് ഔദ്യോഗിക സ്ഥീരികരണം.

ജനപ്രിയ ലാൻഡ്മാർക്കുകളുടെ ആകാശ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുമ്പോൾ വിദേശികളായ വിനോദസഞ്ചാരികൾക്ക് പ്രാദേശിക ഡ്രോൺ നിയന്ത്രണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയായിരിക്കാം ഇതിനു കാരണം എന്ന് അധികൃതർ ന്യായീകരിക്കുന്നു.എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയിലെമ്പാടും അമെരിക്കൻ ചാരന്മാർ പിടിയിലായിക്കൊണ്ടിരിക്കുമ്പോൾ അധികൃതരുടെ ഈ നിസാരവത്കരണം അംഗീകരിക്കാനാവില്ല.

ഇക്കാര്യത്തിൽ എൻഐഎയുടെ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. രണ്ടു വിനോദസഞ്ചാരികളെയും ചോദ്യം ചെയ്യുകയും അവരുടെ ലാപ്ടോപ്പും ഡ്രോണും ഫോർട്ട് കൊച്ചി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയിൽ ആളില്ലാ വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഭാരതീയ ന്യായസംഹിത, എയർക്രാഫ്റ്റ് ആക്റ്റ്, ഡ്രോൺ നിയമങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഫോർട്ടു കൊച്ചിയിലെ ഈ അതീവ സുരക്ഷാമേഖലയിലാണ് നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യ ഉൾപ്പടെയുള്ള സുപ്രധാന നാവിക,തീരദേശ സംരക്ഷണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. സൈനിക സ്ഥാപനങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും അപകടസാധ്യതകൾ ഉയർത്തുന്ന ഇത്തരം ഡ്രോൺ പറത്തലുകളെ കേവലം അജ്ഞത എന്നു കരുതി തള്ളിക്കളയാനാകില്ലെന്നിരിക്കെ, എന്തു കൊണ്ടാണ് ഈ രണ്ടു വിദേശികളെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്യുക പോലും ചെയ്യാതെ പൊലീസ് മൃദു സമീപനം പുലർത്തിയത് എന്നത് സംശയാസ്പദമാണ്.

അന്വേഷണം തുടരുന്നതിനാൽ അന്വേഷകരുടെ മുമ്പാകെ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകുക മാത്രമാണ് പൊലീസ് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരം ഡ്രോൺ പറത്തലുകൾ ഇവിടെ നടന്നിട്ടുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നതിനാലും ഫോർട്ട് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയിലാണ് ഈ ഡ്രോൺ പറത്തലുകൾ ആവർത്തിക്കുന്നതെന്നതിനാലും ഈ അതീവ സുരക്ഷാ മേഖലയിൽ ഇന്നു വരെ നടന്നിരിക്കുന്ന എല്ലാ അനധികൃത ഡ്രോൺ പറത്തലുകളും എൻഐഎ അന്വേഷിക്കണം. അല്ലാത്ത പക്ഷം, കേരളം കേന്ദ്രമാക്കി വിദേശ ചാരശൃംഖല ഇവിടെ വളർന്നെന്നു വരും. അത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യും.

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ