ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കാറിന്‍റെ പ്രത്യേക ഉപദേഷ്ടാവായി കശ്മീർ വിഘടനവാദി യാസിൻ മാലിക്കിന്‍റെ പത്നി മുഷാൽ ഹുസൈൻ മാലിക്കിനെ നിയമിച്ചു. മുഷാൽ അടക്കം അഞ്ച് പ്രത്യേക ഉപദേഷ്ടാക്കളെയാണ് ഇടക്കാല പ്രധാനമന്ത്രിക്കായി നിയമിച്ചിരിക്കുന്നത്. 19 അംഗ കാവൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാവേളയിലാണ് ഉപദേഷ്ടാക്കളുടെ പട്ടികയും പുറത്തു വിട്ടത്.
പാക് പൗരയായ മുഷാൽ മനുഷ്യാവകാശ, വനിതാ ശാക്തീകരണ വിഭാഗങ്ങളിലെ ഉപദേഷ്ടാവായാണ് നിയമിക്കപ്പെട്ടത്. 2005ലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ യാസിൻ മാലിക് മുഷാലിനെ കണ്ടു മുട്ടുന്നത്. 2009ൽ റാവൽപിണ്ടിയിൽ വച്ച് ഇരുവരും വിവാഹിതരായി. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ മുഷാലും രണ്ടു പെൺമക്കളും ഇപ്പോൾ ഇസ്ലാമാബാദിൽ ആണ് താമസിക്കുന്നത്. ഭീകരവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസിൻ ഇപ്പോൾ തീഹാർ ജയിലിലാണ്. യാസിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എൻഐഎ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.