അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് 24.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിനൊരുങ്ങി യൂട്യൂബ്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ട്രംപിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് യൂട്യൂബ് നിരോധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വീഡിയോകളിലെ ഉള്ളടക്കം കൂടുതൽ അക്രമത്തിലേക്ക് നയിച്ചേക്കാമെന്ന വാദമായിരുന്നു നിരോധന കാരണം.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ച്, തന്നെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന പേരിലാണ് യൂട്യൂബിനും ഗൂഗിളിന്‍റെ ആൽഫബെറ്റ് സിഇഒ സുന്ദർ പിചൈയ്ക്കുമെതിരേ ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടി 24.5 മില്യൺ നൽകാൻ യൂട്യൂബ് സമ്മതിച്ചതായാണ് പുതിയ റിപ്പോർട്ട്.
ലഭിക്കുന്ന പണത്തിൽ നിന്ന് 22 മില്യൺ ഡോളർ നാഷണൽ മാളിനായുള്ള ട്രസ്റ്റിനും വൈറ്റ് ഹൗസിലെ ബോൾ റൂം നിർമാണത്തിനായിരിക്കുമെന്നും ട്രംപിന്‍റെ അഭിഭാഷകർ അറിയിച്ചു. ബാക്കി 2.5 മില്യൺ മറ്റു പരാതിക്കാരായ നവോമി വൂൾഫിനും അമെരിക്കൻ കൺസർവേറ്റിവ് യൂണിയനും നൽകും.