അഫ്ഗാൻ വാണിജ്യമന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുംവിദേശകാര്യ മന്ത്രിജയശങ്കറും
pti
ന്യൂഡൽഹി: പാക്കിസ്ഥാനെ ഒഴിവാക്കി ഇന്ത്യയുമായി വ്യാപാര ബന്ധം ദൃഢമാക്കാൻ അഫ്ഗാൻ. വാണിജ്യമന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിനു പിന്നാലെയാണ് ഇന്ത്യ-അഫ്ഗാൻ നീക്കം.
ഇറാന്‍റെ ചബഹാർ തുറമുഖം വഴിയും ഡൽഹി അമൃത്സർ എന്നീ നഗരങ്ങളിൽ നിന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേയ്ക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കും.
കഴിഞ്ഞ മാസം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാൻ വ്യാപാര മേഖലയിലും ഇടിവുണ്ടായിരുന്നു. പാക്കിസ്ഥാൻ അതിർത്തി അടച്ചതോടെ അഫ്ഗാനിസ്ഥാന് നഷ്ടം 10 കോടി ഡോളർ കടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് വ്യാപാരത്തിനായി പാക്കിസ്ഥാനെ ആശ്രയിക്കരുതെന്ന് താലിബാൻ ഭരണകൂടം തീരുമാനമെടുത്തു. ഇതിനു ശേഷമാണ് ഇന്ത്യയുമായി കൂടുതൽ ശക്തമായ വ്യാപാര ബന്ധത്തിനുള്ള നീക്കം നടത്തുന്നത്.
ഖനനം, കൃഷി, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഊർജ്ജം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യാപാരികളോട് അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഭ്യർഥിച്ചു.