സൗദി രാജകുമാരന്‍ അബ്ദുള്ള ബിന്‍ ഫഹദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജലവി അല്‍ സൗദ് (29)

 
World

സൗദി രാജകുമാരന്‍റെ മരണം: ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്

രാജകുമാരന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിക്കുന്ന തെളിവുകളോ ആത്മഹത്യാക്കുറിപ്പോ കണ്ടെത്തിയില്ലെന്നും നിരീക്ഷണം

MV Desk

റിയാദ്: കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ലണ്ടനിലെ ആഡംബര ഹോട്ടലായ മാരിയറ്റില്‍ വച്ച് സൗദി രാജകുമാരന്‍ അബ്ദുള്ള ബിന്‍ ഫഹദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജലവി അല്‍ സൗദ് (29) മരണപ്പെട്ടത് മദ്യവും ലഹരിമരുന്നും അമിതമായി കഴിച്ചതിനെ തുടര്‍ന്നെന്നു യുകെ കോറോണറുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി. പെട്ടെന്നുള്ളതോ, സംശയാസ്പദമായതോ, അക്രമാസക്തമായതോ, അല്ലെങ്കില്‍ കാരണം വ്യക്തമല്ലാത്തതോ ആയ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് കോറോണര്‍.

രാജകുമാരന്‍റെ മരണം ഒന്നിലധികം മരുന്നുകള്‍ ഉള്ളിലെത്തിയതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നര്‍ വെസ്റ്റ് ലണ്ടന്‍ കോറോണര്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ പ്രകാരം, ഒരാഴ്ചത്തെ താമസത്തിനായി പ്രിന്‍സ് അബ്ദുള്ള നവംബര്‍ 19-നാണ് ഒരു രാത്രി 600 യൂറോ നിരക്കുള്ള ഹോട്ടലില്‍ മുറിയെടുത്തത്. മരണപ്പെട്ടതിന് തലേദിവസം വൈകുന്നേരമാണ് അദ്ദേഹം അവസാനമായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്.

നവംബർ 25ന് അഞ്ചാം നിലയിലുള്ള രാജകുമാരന്‍റെ മുറിയില്‍ പ്രവേശിച്ച ഹോട്ടല്‍ ശുചീകരണത്തൊഴിലാളിയാണ്, വസ്ത്രം ധരിച്ച നിലയില്‍ രാജകുമാരൻ ബാത്ത്‌റൂമിന്‍റെ തറയില്‍ കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാര്‍ മെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചെങ്കിലും രാജകുമാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രിന്‍സ് അബ്ദുള്ളയുടെ രക്തത്തില്‍ 100 മില്ലിലിറ്ററിന് 222 മില്ലിഗ്രാം എന്ന തോതില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയതായി ഇന്‍ക്വസ്റ്റ് നടപടിക്കിടെ വെളിപ്പെട്ടു. ഇത് ഇംഗ്ലണ്ടില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനുള്ള നിയമപരമായ പരിധിയുടെ ഏകദേശം മൂന്നിരട്ടി വരും. ഈ അളവിലുള്ള മദ്യം മാത്രം മതിയാകുമായിരുന്നു അദ്ദേഹത്തെ കോമയിലേക്ക് (അബോധാവസ്ഥ) നയിക്കാന്‍ എന്ന് വിദഗ്ധര്‍ കോടതിയെ അറിയിച്ചു.

'പാര്‍ട്ടി ഡ്രഗ്' എന്ന് സാധാരണയായി അറിയപ്പെടുന്ന ഗാമ-ഹൈഡ്രോക്‌സിബ്യൂട്ടറേറ്റ് (GHB) മാരകമായേക്കാവുന്ന അളവിലും, ഒപ്പം കഞ്ചാവ്, സാനക്‌സ് (Xanax), ഉത്കണ്ഠ കുറയ്ക്കാനുള്ള മറ്റ് മരുന്നുകള്‍ എന്നിവ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അളവിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ പദാര്‍ത്ഥങ്ങളുടെ സംയോജനം ഹൃദയസ്തംഭനത്തിനും ഒടുവില്‍ മരണത്തിനും കാരണമായെന്ന് വൈദ്യശാസ്ത്ര വിദഗ്ധരും വിലയിരുത്തി.

രാജകുമാരന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിക്കുന്ന തെളിവുകളോ ആത്മഹത്യാക്കുറിപ്പോ കണ്ടെത്തിയില്ലെന്ന് അസിസ്റ്റന്‍റ് കോറോണര്‍ നിരീക്ഷിച്ചു.

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കോടിയോളം വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ