യുഎസിനോടും യൂറോപ്യൻ യൂണിയനോടും സഹായം തേടി സെലൻസ്കി

 

getty image

World

യുഎസിനോടും യൂറോപ്യൻ യൂണിയനോടും സഹായം തേടി സെലൻസ്കി

റഷ്യൻ ആക്രമണം കടുത്തതിനെ തുടർന്നാണ് ഇപ്പോൾ സെലൻസ്കിയുടെ അഭ്യർഥന

Reena Varghese

കീവ്: യുക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ യുഎസിനോടും യൂറോപ്യൻ യൂണിയനോടും കൂടുതൽ സഹായം തേടി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ദീർഘ ദൂര മിസൈലായ ടോമാഹോക്ക് നൽകുന്നതുമായി വെള്ളിയാഴ്ച ചർച്ച നടത്താനിരിക്കെയാണ് റഷ്യയുടെ അതിശക്തമായ ആക്രമണം.

റഷ്യ നടത്തിയ അതിശക്തമായ ബോംബ് ആക്രമണത്തിൽ യുക്രെയ്നിലെ രണ്ടാമത്തെ നഗരമായ ഖാർകീവിൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. ഏഴു രോഗികൾക്ക് പരിക്കേറ്റു. അമ്പതോളം രോഗികളെ മാറ്റിപ്പാർപ്പിച്ചു. യുക്രെയ്ന്‍റെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് സെലൻസ്കി പറഞ്ഞു.

എല്ലാ രാത്രിയും റഷ്യ യുക്രെയ്ന്‍റെ വൈദ്യുതി നിലയങ്ങളെയും വൈദ്യുതി ലൈനുകളെയും പ്രകൃതി വാതക സംവിധാനങ്ങളെയും ആക്രമിക്കുന്നതായി സെലൻസ്കി ടെലിഗ്രാമിൽ കുറിച്ചു. റ‍ഷ്യയുടെ ദീർഘ ദൂര ആക്രമണങ്ങളെ ചെറുക്കാൻ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് യുക്രെയ്ൻ നേരത്തെ തന്നെ വിദേശ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു.

അമെരിക്ക, യൂറോപ്പ്, ജി-7 രാജ്യങ്ങൾ തുടങ്ങി എല്ലാവരുടെയും സഹായം അഭ്യർഥിച്ച സെലൻസ്കി യുക്രെയ്ൻ ജനങ്ങളെ സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. നിലവിൽ യുക്രെയ്ന് ലഭിക്കുന്ന സൈനിക സഹായം ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭിച്ച സൈനിക സഹായം ആദ്യ പകുതിയിലെ സഹായവുമായി താരതമ്യപ്പെടുത്തുമ്പോൾ 43 ശതമാനം കുറഞ്ഞു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്