അന്ന ചാപ്മാൻ: റഷ്യയുടെ ചുവന്ന മുടിയുള്ള 'കറുത്ത വിധവ'
Credit: East2West
മോസ്കോ: റഷ്യയുടെ ഗ്ലാമറസ് ചാരസുന്ദരി അന്ന ചാപ്മാൻ വീണ്ടും മാധ്യമശ്രദ്ധയാകർഷിക്കുന്നു. ഇത്തവണ മോസ്കോയിൽ നിന്നുള്ള ഒരു പുതിയ ദൗത്യവുമായാണ് അന്നയുടെ വരവ്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ ശക്തയായ വക്താവായ ഈ ചാരസുന്ദരിയെ പുടിൻ തന്‍റെ ഉന്നത രഹസ്യ സേവനവുമായി ബന്ധപ്പെട്ട ഒരു പുതിയ പദ്ധതിയായ മ്യൂസിയം ഒഫ് റഷ്യൻ ഇന്‍റലിജൻസിന്‍റെ മേധാവിയായി നിയമിച്ചതോടെയാണ് അവർ വീണ്ടും മാധ്യമ ശ്രദ്ധയാകർഷിച്ചത്. ചാരപ്രവർത്തനത്തിലൂടെ അമെരിക്കയെയും ബ്രിട്ടനെയും ഞെട്ടിച്ച ഇവരുടെ ചാരലോകത്തു നിന്നും മ്യൂസിയം ഡയറക്റ്റർ പദവിയിലേയ്ക്കുള്ള മാറ്റം ഏറ്റവും വലിയ വഴിത്തിരിവാണ്.
റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും മ്യൂസിയം പ്രദർശിപ്പിക്കും.
വോൾഗോഗ്രാഡിൽ ജനിച്ച് വളർന്ന അന്നയുടെ പേര് കുഷ് ചെങ്കോ എന്നായിരുന്നു. സോവിയറ്റ് യൂണിയന്‍റെ നയതന്ത്ര സേനാംഗമായിരുന്ന പിതാവിന്‍റെ ജോലിയുടെ ഭാഗമായി അവർ കുട്ടിക്കാലത്ത് കെനിയയിലെ എംബസിയിലും കഴിഞ്ഞിട്ടുണ്ട്. മോസ്കോയിലെ പീപ്പിൾസ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റി ഒഫ് റഷ്യയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ അവർ ബിരുദം നേടി.
പിന്നീട് യുകെയിലായിരിക്കെ പരിചയപ്പെട്ട അലക്സ് ചാപ്മാനെ വിവാഹം കഴിച്ചു. അങ്ങനെ ബ്രിട്ടീഷ് പൗരത്വവും ലഭിച്ചു. എന്നാൽ നാലു വർഷങ്ങൾക്കു ശേഷം അവർ വിവാഹ മോചിതരായി. ചാപ്മാൻ തന്നെ വധിക്കാൻ ശ്രമിച്ചതായി അന്ന തന്‍റെ അനുഭവക്കുറിപ്പായ ബോണ്ടിയാന എന്ന പുസ്തകത്തിൽ എഴുതുന്നു. ഇപ്പോൾ അന്ന റൊമാനോവ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.
2010ൽ ഒരു റഷ്യൻ സ്ലീപ്പർ സെല്ലിന്‍റെ ഭാഗമായി ന്യൂയോർക്കിൽ എഫ്ബിഐ അറസ്റ്റ് ചെയ്തപ്പോഴാണ് ചാപ്മാൻ പൊതു ജനങ്ങൾക്ക് പരിചിതയായത്. പിന്നീട് ഒരു ചാരക്കൈമാറ്റത്തിൽ അവളെ യുഎസിൽ നിന്ന് പുറത്താക്കുകയായിരുന്നു. റഷ്യയ്ക്ക് കൈമാറിയ ശേഷം അവൾ ഒരു ബിസിനസുകാരി, ടിവി അവതാരക എന്നിങ്ങനെ റഷ്യയിൽ അറിയപ്പെട്ടു. അന്നയ്ക്ക് ഒരു മകനുണ്ട്. കുട്ടിയുടെ പിതൃത്വം അവർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് പുടിന്‍റെ കുട്ടിയാണെന്നാണ് അഭ്യൂഹങ്ങൾ.