ആലിപ്പഴപ്പെയ്ത്തിൽ വലഞ്ഞ് അറ്റ്ലാന്‍റാ വിമാനത്താവളം
file photo
അറ്റ്ലാന്‍റ: ശനിയാഴ്ച രാത്രിയിലുണ്ടായ കഠിനമായ ആലിപ്പഴ വർഷം മൂലം അറ്റ്ലാന്‍റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 478 വിമാനങ്ങൾ റദ്ദാക്കുകയും 617 വിമാനങ്ങൾ വൈകുകയും ചെയ്തു. അറ്റ്ലാന്‍റയിൽ ഒരു പ്രധാന ഹബ്ബായ ഡെൽറ്റ എയർലൈൻസാണ് ഏറ്റവും കൂടുതൽ പ്രതികൂല കാലാവസ്ഥയുടെ ആഘാതം നേരിട്ടത്. വെള്ളിയാഴ്ച റീഗൻ നാഷണൽ, ഷാർലറ്റ്, ഡാളസ്-ഫോർട്ട് വർത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥ മോശമായിരുന്നതിനാൽ അമെരിക്കൻ എയർലൈൻസ് ശനിയാഴ്ച യുഎസിൽ ഉടനീളം 223 വിമാനങ്ങൾ റദ്ദാക്കി.
ഇന്നലെ രാത്രിയിലെ ആലിപ്പഴ വീഴ്ചയിൽ നിരവധി വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കരുതുന്നു. ഏകദേശം 100 ഡെൽറ്റ
എയർലൈൻസ് വിമാനങ്ങളിൽ രാത്രി മുഴുവൻ പരിശോധന നടത്തി. ശനിയാഴ്ച മിക്കവാറും എല്ലാ വിമാനങ്ങളും സർവീസിൽ തിരിച്ചെത്തിയതായി ഡെൽറ്റയുടെ വക്താവ് പറഞ്ഞു.
അറ്റ്ലാന്‍റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിന് ചുറ്റുമുള്ള വിമാനങ്ങൾ നിയന്ത്രിക്കുന്ന എയർട്രാഫിക് കൺട്രോൾ ടവർ ശക്തമായ കാറ്റ് കാരണം വൈകുന്നേരം താൽക്കാലികമായി ഒഴിപ്പിച്ചു എന്ന് എഫ്എഎ അറിയിച്ചു.
പ്രദേശത്തെ വ്യോമ ഗതാഗതം കൈകാര്യം ചെയ്യാൻ കുറച്ച് കൺട്രോളർമാർ മാത്രമാണ് താമസിച്ചിരുന്നതെന്നും ഈ സമയത്ത് ടവറിൽ
ജീവനക്കാരില്ലായിരുന്നു എന്നും ഏജൻസി പറഞ്ഞു.