കൽപ്പറ്റയിലെ വയനാട് കലക്റ്ററേറ്റിനു മുന്നിലെ സമരപ്പന്തലിനടുത്ത് ജയിംസും കുടുംബവും.
Metro Vaartha
വില കൊടുത്തു വാങ്ങി കൃഷി ചെയ്തു ജീവിച്ച സ്ഥലത്തുനിന്ന് അന്യായമായി കുടിയിറക്കപ്പെട്ട ഒരു കുടുംബം. അനീതിക്കെതിരേ വയനാട് ജില്ലാ കലക്റ്ററേറ്റിനു മുന്നിൽ അവർ നടത്തുന്ന സത്യഗ്രഹം പത്താം വർഷത്തിലാണിപ്പോൾ. ട്രൈബ്യൂണലിന്‍റെയും മന്ത്രിസഭാ യോഗത്തിന്‍റെയുമെല്ലാം അനുകൂല തീരുമാനങ്ങളെ അട്ടിമറിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ രേഖകൾ ഉപയോഗിച്ച് നടത്തിയ നീക്കങ്ങളാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തിയതെന്ന് ജയിംസും കുടുംബവും പറയുന്നു....
അജയൻ
രാജ്യത്തിന്‍റെ 79ാം സ്വാതന്ത്ര്യദിനാഘോഷം വയനാടൻ കുന്നുകൾക്കു മുകളിൽ വരെ പൊടിപൊടിക്കുമ്പോൾ, കൽപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കലക്റ്ററേറ്റിനു മുന്നിൽ ഒരു കുടുംബം നടത്തിവരുന്ന സത്യഗ്രഹം നിശബ്ദമായി പത്താം വർഷത്തിലേക്കു കടക്കുകയായിരുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന പ്രസ്താവനയുമായി അധികാരമേറ്റ സർക്കാരും ഇവിടെ പത്താം വർഷത്തിലേക്കു കടക്കുകയാണ്. പക്ഷേ, ഈ കുടുംബത്തിൽനിന്ന് 'ഔദ്യോഗികമായി' പിടിച്ചെടുത്ത ഭൂമി, രേഖകളിൽ സർക്കാരിന്‍റേതായി തുടരുമ്പോൾ, അവരുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന ഫയൽ ഒരു ഹൃദയമിടിപ്പ് പോലുമില്ലാതെ എവിടെയോ മരവിച്ചു കിടക്കുന്നു.
2015 ഓഗസ്റ്റ് 15 മുതൽ കെ.കെ. ജയിംസും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്, ബാനറുകളും കീറിയ ടാർപോളിനുകളും കൊണ്ട് കലക്റ്ററേറ്റിനു മുന്നിൽ കെട്ടിയ കൂടാരത്തിലാണ്. അന്നുമുതൽ ഇതുവരെയുള്ള പത്ത് സ്വാതന്ത്ര്യദിനങ്ങളും അവർക്ക് ആഘോഷമായിരുന്നില്ല, നഷ്ടപ്പെട്ട അവകാശങ്ങളുടെ വേദനിപ്പിക്കുന്ന ഓർമപ്പെടുത്തൽ മാത്രമായിരുന്നു. വനം വകുപ്പിന്‍റെ നടപടിയാണ് 1976ൽ തന്‍റെ 12 ഏക്കർ ഭൂമി നഷ്ടപ്പെടുത്തിയതെന്ന് ജയിംസ് മെട്രൊ വാർത്തയോടു പറഞ്ഞു. അനുകൂലമായ തീരുമാനങ്ങൾ പലതു വന്നിട്ടും, വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വന്ന ഒരു വിധി അവർക്കെതിരായി നിൽക്കുകയാണ് ഇന്നും. മാറിവന്ന സർക്കാരുകൾ നീതി ഉറപ്പു നൽകിയിട്ടും ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ ഉരുക്കുമുഷ്ടികൾ ഈ കർഷക കുടുംബത്തിന് അവകാശപ്പെട്ട ഭൂമി ഇപ്പോഴും പിടിച്ചുവച്ചിരിക്കുന്നു.
1967ലാണ് കാഞ്ഞിരത്തിനാൽ ജോർജും സഹോദരൻ ജോസും മധ്യ തിരുവിതാംകൂറിൽനിന്ന് മാനന്തവാടിയിലേക്ക് കുടിയേറുന്നത്. അവിടെ കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്ന് കാഞ്ഞിരങ്ങാട് വില്ലേജിൽ 12 ഏക്കർ ഭൂമി വാങ്ങി. ജോർജിന്‍റെയും ജോസിന്‍റെയും കഠിനാധ്വാനം കൊണ്ട് അത് പൊന്ന് വിളയുന്ന മണ്ണായി. ജോർജും ഭാര്യയും രണ്ടു പെൺമക്കളും ജോസും പത്ത് വർഷത്തോളം വലിയ പ്രശ്നങ്ങളില്ലാതെ അവിടെ കഴിഞ്ഞു. പക്ഷേ, 1976ൽ വനം വകുപ്പ് കേരള സ്വകാര്യ വന നിയമം (കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്‍റ്) ആക്റ്റ്, 1971) പ്രകാരം ഈ കുടുംബത്തോട് സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. അവർ എതിർത്തു. ഫോറസ്റ്റ് ട്രൈബ്യൂണൽ ഈ കുടുംബത്തിന്‍റെ നിലപാട് ശരിവച്ച്, സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തിരിച്ചുനൽകി. സംരക്ഷിത വന പ്രദേശത്തുനിന്നൊക്കെ ഏറെ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നതും.
എന്നാൽ, 1985ൽ വനം വകുപ്പ് പ്രതികാരബുദ്ധിയോടെ തിരിച്ചടിച്ചു. ട്രൈബ്യൂണലിന്‍റെ വിധി മറികടന്ന്, കുടുംബത്തിന് 75 സെന്‍റ് മാത്രം നൽകി ബാക്കി സ്ഥലം പിടിച്ചെടുത്തു. വ്യാജരേഖ ചമച്ചാണ് വനം വകുപ്പ് ഈ ഉത്തരവ് നടപ്പാക്കിയതെന്ന് ജോർജിന്‍റെ മരുമകനായ ജയിംസ് പറയുന്നു. മറ്റൊരു സ്ഥലത്തിന്‍റെ രേഖകൾ കാണിച്ചാണ് ജോർജിന്‍റെ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്ന് അദ്ദേഹം വാദിക്കുന്നു. നഷ്ടപ്പെട്ട ഭൂമിക്ക് 1982 വരെ ഈ കുടുംബം കരമടച്ചിട്ടുമുണ്ട്.
വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ നേരിട്ടെത്തി ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ ഭൂമി കുടുംബത്തിനു തിരിച്ചുകൊടുക്കാൻ തീരുമാനവുമെടുത്തു. പക്ഷേ, ഉദ്യോഗസ്ഥർ മനഃപൂർവം തെറ്റായ സർവേ നമ്പർ ഉപയോഗിച്ചതിനാൽ ഇതു നടപ്പായില്ലെന്നാണ് ജയിംസിന്‍റെ ആരോപണം. ഈ സ്ഥലം പിന്നീട് വനമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കരമടയ്ക്കാൻ നിർവാഹവുമില്ലാതായി. ഈ വിഷയം പരിശോധിക്കാൻ 2008ൽ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതി മൂന്നു മാസത്തിനുള്ളിൽ സമർപ്പിച്ച റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത് 2016ൽ മാത്രം. നാളിതുവരെ അതിൻമേൽ നടപടിയൊന്നുമായിട്ടുമില്ല.
ജയിംസും കുടുംബവും വയനാട് ജില്ലാ കലക്റ്ററേറ്റിനു മുന്നിൽ കെട്ടിയ കുടിലിനുള്ളിൽ.
ഭൂമി തിരിച്ചു നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ ഒരു എൻജിഒ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൈയേറിയ സ്ഥലമാണിതെന്നായിരുന്നു അവരുടെ ആരോപണം. 2008 ജൂൺ 13ന് കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ കുടുംബത്തെ അവരുടെ വീട്ടിൽനിന്നു കുടിയിറക്കുകയും ചെയ്തു.
ഇതിനിടെ, ജോർജ് അറിയാതെ അദ്ദേഹത്തിന്‍റെ പേരിൽ ഒരു റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യപ്പെട്ടതും ദുരൂഹതയുണർത്തി. മുൻപ് വനംവകുപ്പിനെ പ്രതിനിധീകരിച്ച അതേ അഭിഭാഷകനാണ് ഈ വ്യാജ ഹർജിയിൽ ജോർജിന്‍റെ അനുമതിയില്ലാതെ അദ്ദേഹത്തിന്‍റെ അഭിഭാഷകനെന്നവകാശപ്പെട്ട് ഹാജരായതെന്ന് ജയിംസ് ആരോപിക്കുന്നു. സ്വാഭാവികമായും ഹർജി നിരാകരിക്കപ്പെട്ടു. ഒടുവിൽ കുടുംബത്തിനെതിരേ കോടതി വിധിയും വന്നു.
താൻ വില കൊടുത്തു വാങ്ങി ചോര നീരാക്കി അധ്വാനിച്ച മണ്ണിൽ നിന്ന് ഏറെ അകലെ ഒരു വൃദ്ധസദനത്തിൽ വച്ച് 2010ൽ ജോർജ് അന്ത്യശ്വാസം വലിച്ചു. പിന്നാലെ ഭാര്യയും. ഇതോടെയാണ് ഉദ്യോഗസ്ഥരുമായുള്ള നിയമയുദ്ധത്തിന്‍റെ ഉത്തരവാദിത്വം ജയിംസിൽ വന്നു ചേരുന്നത്. ജോർജിന്‍റെ മകൾ ട്രീസയുടെ ഭർത്താവാണ് ജയിംസ്.
2009ലെ വിജിലൻസ് റിപ്പോർട്ടും, 2016ലെ ആർഡിഒ റിപ്പോർട്ടും, 2019ലെ നിയമസഭാ പെറ്റീഷൻ കമ്മിറ്റി റിപ്പോർട്ടും തന്‍റെ അവകാശവാദത്തെ സാധൂകരിക്കുന്നതാണെന്ന് ജയിംസ് പറയുന്നു. മൂന്നിലും വനം വകുപ്പിനെതിരേ രൂക്ഷമായ പരാമർശങ്ങളുണ്ട്. സ്ഥലം നേരിട്ടു പരിശോധിക്കാനെത്തിയ ന്യായാധിപനെ ഉദ്യോഗസ്ഥർ കാണിച്ചു കൊടുത്തത് മറ്റേതോ ഭൂമിയാണെന്നാണ് ഒരു കണ്ടെത്തൽ. ട്രൈബ്യൂണലിന് വനം വകുപ്പ് മതിയായ പിന്തുണ നൽകിയില്ലെന്ന് മറ്റൊരു പരാമർശം. രേഖകളിൽ മനഃപൂർവമായ കൃത്രിമം നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനൊപ്പം, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും ശുപാർശ ചെയ്തിരുന്നു. എന്നിട്ടും ജയിംസിനും കുടുംബത്തിനും പ്രയോജനമൊന്നുമുണ്ടായില്ല. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടൽ പോലും നിഷ്ഫലമായി.
സമരമിരിക്കുന്ന സ്ഥലത്തുനിന്നു കൂടി ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും, തന്‍റെ അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന ദൃഢനിശ്ചയത്തിലാണ് ജയിംസ്. 2024ൽ വയനാട് ജില്ലാ കലക്റ്റർ സംസ്ഥാന ചീഫ് സെക്രട്ടറിക്കു സമർപ്പിച്ച റിപ്പോർട്ടും നടപടി കാത്ത് ജീവനില്ലാതെ മരവിച്ചിരിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾ പലതും പലപ്പോഴായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ജയിംസിനു പിന്നിൽ ഉറച്ചുനിന്ന സിപിഎമ്മും ഇപ്പോൾ അജ്ഞാത കാരണങ്ങളാൽ മൗനത്തിലാണ്. എന്നാൽ, ഇതൊന്നും ജയിംസ് കാര്യമാക്കുന്നില്ല. ഉദ്യോഗസ്ഥവൃന്ദത്തെ മാത്രമല്ല, പ്രളയവും കൊവിഡും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളെയും അതിജീവിച്ചാണ് ജയിംസ് തന്‍റെ പോരാട്ടം പത്താം വർഷത്തിലെത്തിച്ചിരിക്കുന്നത്. ''നീതിക്കു വേണ്ടിയുള്ള പോരാട്ടമാണിത്, തുടരുക തന്നെ ചെയ്യും'', അദ്ദേഹം ഉറപ്പിച്ചു പറയുന്നു.