ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ ജീവന്‍റെ സാധ്യതകൾ
getty images
പാരീസ്: ഭൂമിക്കു പുറത്ത് ജീവന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് കരുത്തു പകർന്ന് ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ (Enceladus) നിർണായക കണ്ടെത്തലുകൾ. എൻസെലാഡസിന്‍റെ പുറം തോടിനടിയിൽ കിലോമീറ്ററുകൾ കനമുള്ള മഞ്ഞു പാറകൾക്കു താഴെയുള്ള തണുത്തുറഞ്ഞ വലിയ സമുദ്രത്തിൽ സങ്കീർണമായ ജൈവ തന്മാത്രകൾ ഉണ്ടായിരിക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭൂമിക്കു പുറത്ത് ജീവനെ ഉൾക്കൊള്ളാൻ സാധ്യമായ എല്ലാ ചേരുവകളും എൻസെലാഡസിൽ ഉണ്ടായിരിക്കാമെന്നതിന് കൂടുതൽ തെളിവുകളാണ് ഇതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ബെർലിനിലെ സ്റ്റട്ട്ഗാർട്ട് സർവകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നത് എൻസെലാഡസിന്‍റെ ഈ മേഖലയിൽ ജൈവ വസ്തുക്കൾ കണ്ടെത്തിയെന്നും ഇത്തരം തന്മാത്രകൾ ആദ്യമായാണ് അവിടെ കണ്ടെത്തുന്നതെന്നുമാണ്. ശനിയുടെ 83 ഉപഗ്രഹങ്ങളിൽ ആറാമത്തെ വലിയ ഉപഗ്രഹമാണ് എൻസെലാഡസ്. ഈ തണുത്തുറഞ്ഞ ഉപഗ്രഹത്തിൽ നിന്ന് ചില പ്രത്യേക സമയങ്ങളിൽ മഞ്ഞും സിലിക്കകളും ഒരു ഫൗണ്ടൻ പോലെ പുറത്തേയ്ക്കു തെറിയ്ക്കാറുണ്ട്. ഈ പ്രതിഭാസം കാർബൺ അധിഷ്ഠിത പദാർഥങ്ങളുടെ ബഹിർഗമനത്തിന് കാരണമാകുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി, ഇറ്റാലിയൻ ബഹിരാകാശ ഏജൻസി എന്നിവയുടെ സംയുക്ത ദൗത്യമായ കാസിനി- ഹ്യൂജൻസിൽ നിന്ന് 2004 മുതൽ 2017 വരെ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.