സിന്ദൂർ: ഉത്തരവാദിത്ത ശക്തിയായി ഉയർന്ന ഇന്ത്യ

 
Special Story

സിന്ദൂർ: ഉത്തരവാദിത്ത ശക്തിയായി ഉയർന്ന ഇന്ത്യ

വിവേകവും സംയമനവുമാണ് ഉത്തരവാദിത്തമുള്ള ഭരണകൂട തന്ത്രത്തിന്‍റെയും സൈനിക നടപടികളുടെയും രണ്ട് സമാന്തര പ്രമേയങ്ങൾ

MV Desk

* സൈനിക ഓപ്പറേഷന്‍റെ ഒരു വർഷത്തിനു ശേഷം ചില ചിന്തകൾ

ഡോ. അർജുൻ സുബ്രഹ്മണ്യം

എയർ വൈസ് മാർഷൽ (റിട്ട.)

യുക്രെയ്നിലെ യുദ്ധം അവസാനിക്കാനുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്തപ്പോഴും, മധ്യേഷ്യ "യുദ്ധവുമില്ല സമാധാനവുമില്ല' എന്ന അനിശ്ചിതാവസ്ഥയിൽ തുടരുമ്പോഴും, സമീപകാലത്തെ മറ്റ് പോരാട്ടങ്ങളുമായി താരതമ്യപ്പെടുത്തി "ഓപ്പറേഷൻ സിന്ദൂറിനെ' വിലയിരുത്തേണ്ടത് പ്രധാനമാണ്. മോദി ഗവൺമെന്‍റിന്‍റെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി, വ്യക്തമായ എക്സിറ്റ് തന്ത്രത്തോടു കൂടി കൃത്യമായ ഫലങ്ങൾ നേടിയെടുക്കാൻ, നിയന്ത്രിതമായ സൈനിക ശക്തിയെ അളന്നു കുറിച്ച രീതിയിൽ പ്രയോഗിച്ചു എന്നതാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ പ്രധാന സവിശേഷത.

പാക്കിസ്ഥാനിലെ, ഇന്ത്യാ വിരുദ്ധ ഭീകര ശൃംഖലകളുടെ ഹൃദയഭാഗത്ത് പ്രഹരിക്കുക എന്നതും, ഇന്ത്യയുടെ പ്രത്യാക്രമണത്തിന് സൈനികമായി മറുപടി നൽകിയാൽ പാക്കിസ്ഥാൻ സൈന്യത്തിന് ആഘാതം ഏൽപ്പിക്കുക എന്നതും വിപുലമായ സൈനിക പ്രയോഗം ആവശ്യമുള്ള ലക്ഷ്യങ്ങളായിരുന്നില്ല. ആവർത്തിച്ചുള്ള ഭരണകൂടത്തിന്‍റെ പിന്തുണയോടെയുള്ള ഭീകരവാദത്തെ ശിക്ഷിക്കുന്നതിനായി ഉത്തരവാദിത്തമുള്ള ഒരു രാജ്യം നടത്തിയ കൃത്യവും ക്രിയാത്മകവും സംയമനം പാലിച്ചതുമായ ഒരു ഓപ്പറേഷനായിരുന്നു ഇത്.

2019ൽ ബാലക്കോട്ടിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ആക്രമണാത്മക വ്യോമശക്തി പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ബഹാവൽപുരിലെയും മുരിദ്‌കെയിലെയും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ- ഇ- ത്വയ്യിബ ആസ്ഥാനങ്ങളെ ആക്രമിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത, ദേശീയ താൽപ്പര്യങ്ങൾക്കായി വെല്ലുവിളി ഏറ്റെടുക്കാനുള്ള പുതിയ പ്രവണതയും, ആക്രമണം കടുപ്പിക്കാനുള്ള സന്നദ്ധതയും വെളിപ്പെടുത്തി. എങ്കിലും, പാക്കിസ്ഥാന്‍റെ സൈനിക ആസ്തികൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ വരുത്താനുള്ള സൈനികപരമായ പ്രേരണ നിലനിന്നിരുന്നിട്ടും, ഒരു വിപുലമായ യുദ്ധം ഇന്ത്യയുടെ താല്പര്യത്തിന് നിരക്കുന്നതല്ല എന്ന കാര്യത്തിൽ രാഷ്‌ട്രീയ തലത്തിൽ വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

വിവേകവും സംയമനവുമാണ് ഉത്തരവാദിത്തമുള്ള ഭരണകൂട തന്ത്രത്തിന്‍റെയും സൈനിക നടപടികളുടെയും രണ്ട് സമാന്തര പ്രമേയങ്ങൾ; ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത്, പ്രത്യേകിച്ച് ആക്രമണങ്ങളിൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കാതിരിക്കുന്നതിലും, സൈനികമായി മേൽക്കൈ ഉണ്ടായിരുന്നിട്ടും പാക്കിസ്ഥാന്‍റെ വെടിനിർത്തൽ വാഗ്ദാനം സ്വീകരിക്കുന്നതിലും ഇന്ത്യ ഇത് നന്നായി പ്രകടിപ്പിച്ചു. തിരിഞ്ഞു നോക്കുമ്പോൾ, നീണ്ടുനിൽക്കുന്നതും വിപുലവുമായ ഒരു യുദ്ധത്തിന്‍റെ നേട്ടങ്ങൾ ഉണ്ടായേക്കാവുന്ന സാമ്പത്തിക-മനുഷ്യ നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായി തോന്നിയേക്കാം. എന്നാൽ 4 ദിവസത്തിന് ശേഷം യുദ്ധം അവസാനിപ്പിച്ചതിലൂടെ ലാഭിച്ച നൂറുകണക്കിന് കോടി രൂപ, അമേരിക്ക 27 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടും അവസാനമില്ലാതെ തുടരുന്ന മധ്യേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധ ശേഷിക്ക് കരുത്തേകി.

സംഘർഷ സമയത്ത് ഇന്ത്യയുടെ നിലവിലുള്ള ഉന്നത പ്രതിരോധ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിച്ചു. ആസൂത്രണത്തിന്‍റെയും തയ്യാറെടുപ്പിന്‍റെയും ഘട്ടത്തിൽ പ്രധാനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മന്ത്രി എന്നിവരടങ്ങുന്ന ഒന്നാം നിരയും സംയുക്ത സേനാമേധാവിയും 3 സേനാ മേധാവികളും അടങ്ങുന്ന രണ്ടാം നിരയും ചേർന്ന കേന്ദ്രീകൃതവും നിർദേശാധിഷ്ഠിതവുമായ നിയന്ത്രണത്തിന്‍റെ വ്യക്തമായ മാതൃക അവിടെ ഉണ്ടായിരുന്നു. സേനാ മേധാവികൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും വ്യക്തവും യുക്തിസഹവുമായ തന്ത്രപരമായ ഫലങ്ങൾ കൈമാറിയിരുന്നുവെന്നും, നടപ്പിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തന രൂപരേഖ തയ്യാറാക്കാൻ അവരെ ചുമതലപ്പെടുത്തിയെന്നതും തികച്ചും വ്യക്തമാണ്.

സഹസ്രാബ്ദങ്ങളായി യുദ്ധത്തിന്‍റെ സ്വഭാവത്തിൽ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും, കൗടില്യൻ, സുൻ സൂ, ക്ലോസവിറ്റ്‌സ്, ലിഡൽ ഹാർട്ട് തുടങ്ങിയ പുരാതന- ആധുനിക യുദ്ധതന്ത്രജ്ഞർ വിശദീകരിച്ച യുദ്ധത്തിന്‍റെ മിക്ക അടിസ്ഥാന തത്വങ്ങളും കാലത്തെ അതിജീവിച്ചു നിൽക്കുന്നു. അന്തിമ വിശകലനത്തിൽ, സംഘർഷത്തിന്‍റെയും സംയമനത്തിന്‍റെയും അതിരുകൾ വ്യാപിപ്പിച്ചപ്പോൾ തന്നെ, പ്രതിസന്ധി ഘട്ടങ്ങളിലും, യുദ്ധങ്ങളിലും കാലം അനുവർത്തിച്ച ഉചിതമായ തീരുമാനമെടുക്കുന്ന ചില തത്വങ്ങൾ പാലിച്ചതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ വിജയം പരിപൂർണമായത്. ഇവയിൽ, ലക്ഷ്യത്തിന്‍റെ തിരഞ്ഞെടുപ്പും പരിപാലനവും, സൈനിക ശക്തിയുടെ കേന്ദ്രീകരണം, ആക്രമണാത്മക നടപടി, അപ്രതീക്ഷിത നീക്കങ്ങൾ, കമാൻഡിന്‍റെ ഏകീകരണം, സുരക്ഷ, ലാളിത്യം, മനോവീര്യം, പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടതാണ്.

പ്രവർത്തന തലത്തിൽ, ഇന്ത്യയുടെ വളർന്നുവരുന്ന മൾട്ടി- ഡൊമെയ്ൻ സൈനിക തന്ത്രത്തിന്‍റെ കുന്തമുനയായി ഇന്ത്യൻ വ്യോമസേനയെ ഉപയോഗിക്കാനുള്ള തീരുമാനം ധീരമായിരുന്നു; ഇത് സമകാലിക പോരാട്ടങ്ങളുടെ മാറുന്ന മുഖത്തെ പ്രതിഫലിപ്പിക്കുന്നു, ഇത് ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വേണം. പാക്കിസ്ഥാന്‍റെ ചൈനീസ് നിർമിത വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുകയും ജാം ചെയ്യുകയും ചെയ്ത ശേഷം, മെയ് 7ന് ഇന്ത്യ പാക്കിസ്ഥാന്‍റെ ഹൃദയഭാഗങ്ങളിൽ ആഴത്തിൽ പ്രഹരിക്കുകയും പാക്കിസ്ഥാനിലുടനീളവും പാക് അധീന കശ്മീരിലുമായി 9 ഉന്നത ഭീകര ലോഞ്ച് പാഡുകൾ നശിപ്പിക്കുകയും ലഷ്‌കർ- ഇ-ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ പ്രധാന കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തു. മെയ് 10ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യ നടപടിയുടെ വ്യാപ്തി വർദ്ധിപ്പിച്ചു; നൂർ ഖാൻ, റാഫിക്വി, മുരിദ്, സുക്കൂർ, സിയാൽകോട്ട്, പസ്രൂർ, ചുനിയൻ, സർഗോധാ, സ്കാർദു, ഭോലാരി, ജൈക്കബാബാദ് എന്നീ എയർബേസുകളുൾപ്പെടെ 11 പ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുകയും നിർണായകമായ വ്യോമ- പ്രവർത്തന ശേഷികളെ തകർക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്നത്, ഈ വിമാനത്താവളങ്ങൾക്കും അവിടെയുണ്ടായിരുന്ന വിമാനങ്ങൾക്കും, ആയുധ സംവിധാനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ 1971-ലെ യുദ്ധത്തിൽ പടിഞ്ഞാറൻ മുന്നണിയിലെ പാക് വ്യോമതാവളങ്ങളിൽ വ്യോമസേന വരുത്തിയ മൊത്തം നാശനഷ്ടങ്ങളെക്കാൾ വളരെ കൂടുതലാണ് എന്നാണ്. ശത്രുവിന്‍റെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള തന്ത്രത്തെ നേരിടുന്നതിൽ ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനം കൈവരിച്ച പക്വതയും ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. എന്നിരുന്നാലും, കൂടുതൽ കരുത്തരായ ശത്രുക്കളുമായുള്ള ഭാവിയിലെ പരിമിതമായ സംഘർഷസാഹചര്യങ്ങളിൽ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളും ആയുധങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് വ്യോമസേന അതിവേഗത്തിലുള്ള പഠനപ്രക്രിയ തുടരേണ്ടതുണ്ട്.

ഭാവിയിലെ യുദ്ധക്കളങ്ങൾ ദൈർഘ്യമേറിയ പോരാട്ടങ്ങളെ നേരിടുന്നതിന് കൂടുതൽ സംയോജനവും പരസ്പര ഏകോപനവും ആവശ്യപ്പെടും. നിലവിലുള്ള പല പരിഷ്കാരങ്ങളും ഘടനാപരമായ സംരംഭങ്ങളും, ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഒരു "ഭാരത കേന്ദ്രീകൃത' സംഘടനാ രൂപരേഖ തയ്യാറാക്കുന്നതിനായി വീണ്ടും പരിശോധിക്കേണ്ടി വന്നേക്കാം. നിലവിലുള്ള ആഗോള സംഘർഷങ്ങളിൽ നിന്ന് തന്ത്രപരവും പ്രവർത്തനപരവുമായ നിരവധി പാഠങ്ങൾ ഉണ്ടെങ്കിലും, മറ്റെവിടെയെങ്കിലും ഉള്ള യുദ്ധരീതികൾ പകർത്തി അവ ഇന്ത്യയുടെ തന്ത്രപരവും പ്രവർത്തനപരവുമായ സാഹചര്യങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യം ജാഗ്രത പാലിക്കണം. ഉദാഹരണത്തിന്, വ്യോമാക്രമണങ്ങളിൽ മിസൈലുകൾക്കും ഡ്രോണുകൾക്കും മാത്രം മുൻഗണന നൽകണം എന്ന് വാദിക്കുന്നവർ പുനർവിചിന്തനം നടത്തേണ്ടതുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ നിലനിൽക്കുന്നതു പോലെയുള്ള തുല്യശക്തികൾ തമ്മിലുള്ള വ്യോമ സാഹചര്യങ്ങളിൽ "മൾട്ടി- ഡൊമെയ്ൻ' ഓപ്പറേഷനുകൾ മാത്രമേ വിജയിക്കുകയുള്ളൂ.

പരിമിതമായ തോതിലാണെങ്കിൽ പോലും, ഒരു സങ്കീർണ യുദ്ധസാഹചര്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താനും ഗവൺമെന്‍റ് തീരുമാനിച്ചതനുസരിച്ച് രാജ്യത്തിന്‍റെ ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തി അനുയോജ്യമായ നിമിഷത്തിൽ പിന്മാറാനുമുള്ള തങ്ങളുടെ കഴിവ് ഭാരതീയ സായുധ സേന തെളിയിച്ചിട്ടുണ്ട്. ഭാരതത്തിന്‍റെ തന്ത്രപരവും ദേശീയവുമായ ഡി.എൻ.എ വിവിധ ഘടകങ്ങൾ ചേർന്നതാണ്; രാഷ്‌ട്രീയ ചായ്‌വുകളുടെയും തന്ത്രപരമായ ദർശനങ്ങളുടെയും സംയോജനമായി 21ാം നൂറ്റാണ്ടിൽ അവ പ്രകടമായിട്ടുണ്ട്. ഉത്തരവാദിത്തത്തിന്‍റെയും സംയമനത്തിന്‍റെയും അടിത്തറയിൽ പടുത്തുയർത്തിയതും പ്രത്യാക്രമണത്തിന് ഊന്നൽ നൽകുന്നതുമായ രീതിയിൽ നിന്ന്, "സമ്പൂർണ രാഷ്‌ട്ര സമീപനത്തിലേക്ക് ' ഇപ്പോൾ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്. ക്രമേണ ഉയർന്നുവരുന്ന ഈ ഡിഎൻഎയുടെ പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

**

(ലേഖകൻ ഒരു മിലിട്ടറി ചരിത്രകാരനും വിശകലന വിദഗ്ധനുമാണ്. ഡൽഹി നാഷണൽ ഡിഫൻസ് കോളെജിലെ നാഷണൽ സെക്യൂരിറ്റി അഫയേഴ്സിൽ മുൻ പ്രസിഡന്‍റ്‌സ് ചെയർ ഓഫ് എക്സലൻസ് ആയിരുന്നു. നിലവിൽ കൗടില്യ സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ അഡ്ജങ്ക്റ്റ് ഫാക്കൽറ്റിയായും ഇന്ത്യയിലെ എല്ലാ വാർ കോളെജുകളിലും വിസിറ്റിങ് ഫാക്കൽറ്റിയായും സേവനമനുഷ്ഠിക്കുന്നു.)

വിജയ്ക്കെതിരേ ഡിഎംകെയും എഡിഎംകെയും ഒരുമിക്കുന്നു‍? തിരക്കിട്ട് ചർച്ചകൾ

എസ്കലേറ്റർ പിന്നോട്ട് നീങ്ങി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർക്ക് പരുക്ക്

പുകഞ്ഞു തന്നെ കോൺഗ്രസ്; എംഎൽഎമാരുമായി കൂടിക്കാഴ്ച

“ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ”: ഇറാന്‍റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫ്

ആത്മവിശ്വാസത്തോടെ എഐസിസി; പിഴക്കാത്ത കണക്കുകൂട്ടലുകളുമായി യുഡിഎഫ്